NEWS UPDATE

6/recent/ticker-posts

വാര്‍ത്ത നല്‍കിയതിലെ വിരോധം: മാധ്യമപ്രവര്‍ത്തകരെ അബ്കാരി സംഘം അര്‍ധരാത്രി വീടുകയറി ആക്രമിച്ചു

ആലപ്പുഴ: വാര്‍ത്ത നല്‍കിയതിന്റെ വിരോധത്തില്‍ അബ്കാരി സംഘം അര്‍ധരാത്രി വീടുകയറി നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.[www.malabarflash.com]

മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയാ സെന്റര്‍ സെക്രട്ടറിയുമായ സുധീര്‍ കട്ടച്ചിറയ്ക്കാണ് (45) കമ്പിവടികൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. 

ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ സുധീറിനെ കായംകുളം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് മുന്നിലേക്ക് അതിക്രമിച്ച് കയറിയ രണ്ടംഗസംഘമാണ് മര്‍ദിച്ചതെന്ന് സുധീര്‍ പോലിസിന് മൊഴി നല്‍കി. 

കട്ടച്ചിറ കൈലാസം വീടിന് മുന്നിലെത്തിയ സംഘം ഗേറ്റിനരികിലേക്ക് വിളിച്ചുവരുത്തിയാണ് തലയ്ക്ക് അടിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. ഒഴിഞ്ഞുമാറിയതിനാലാണ് കൂടുതല്‍ ആക്രമത്തില്‍നിന്ന് രക്ഷപ്പെട്ടത്.

വീടിന് നേരെ കല്ലുകളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്. സംഭവം അറിഞ്ഞ് വള്ളിക്കുന്നം പോലിസ് സംഘം സ്ഥലത്ത് എത്തി. കട്ടച്ചിറ കൊമളത്ത് സുനില്‍കുമാര്‍, രതീഷ് എന്നിവരാണ് അക്രമം നടത്തിയതെന്ന് സുധീര്‍ മൊഴി നല്‍കി.

മാവേലിക്കര എസ്എന്‍ഡിപി യൂനിയനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് സംശയിക്കുന്നു. അബ്കാരി ബന്ധമുള്ള പ്രതികള്‍ക്കെതിരെയുള്ള കേസുകളില്‍ പോലിസ് അലംഭാവം കാട്ടുന്നതായും ആരോപണമുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്തകളും ആക്രമണത്തിന് കാരണമായി. 

നിലംനികത്തല്‍ വിഷയത്തില്‍ നടപടിക്ക് തുനിഞ്ഞ വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി അധിക്ഷേപിച്ച വിഷയത്തില്‍ പ്രതികളിലൊരാള്‍ക്കെതിരേ കേസ് നിലവിലുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന ഗൗരവമായ കേസില്‍ പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് പോലിസിന്റെ ഭാഗത്തുനിന്നുണ്ടായെതന്ന് ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള വീഴ്ചകള്‍ മുതലെടുത്താണ് സംഘം അക്രമപ്രവര്‍ത്തനങ്ങള്‍ ധൈര്യപൂര്‍വം നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സുധീര്‍ കട്ടച്ചിറയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കെജെയു ജില്ല പ്രസിഡന്റ് വി പ്രതാപ്, സെക്രട്ടറി വാഹിദ് കറ്റാനം എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കറ്റാനം മീഡിയ സെന്റര്‍ പ്രതിഷേധിച്ചു. പ്രസിഡന്റ് അജികുമാര്‍ അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments