പാലക്കാട്: ബൈക്കിലെത്തി മോഷണം നടത്തുന്ന സംഘത്തിലെ യുവാക്കള്‍ പോലിസ് പിടിയില്‍. നാല്‍പ്പതോളം പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ട കൊച്ചി തൃക്കാക്കര സ്വദേശി ഇമ്രാന്‍ഖാന്‍, സിനിമാ സഹ സംവിധായകന്‍ കെന്നടിമുക്ക് ചെറുവള്ളി സുര്‍ജിത് എന്നിവരെയാണ് ഒറ്റപ്പാലം പോലിസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ഈ മാസം 9ന് ലക്കിടിയില്‍ യുവതിയുടെ മാല തട്ടിപ്പറിച്ച കേസിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ലക്കിടി അകലൂര്‍ കായല്‍പ്പള്ളയിലെ രാജേഷിന്റെ ഭാര്യ രഞ്ജുവിന്റെ കഴുത്തില്‍ നിന്ന് 4 പവന്റെ മാല പ്രതി ഇമ്രാന്‍ഖാന്‍ ബൈക്കിലെത്തി പിടിച്ചുപറിക്കുകയായിരുന്നു. ദമ്പതികള്‍ മോഷ്ടാവിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.
ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം ഇവര്‍ പിന്നീട് പോലിസില്‍ പരാതി നല്‍കി. നമ്പര്‍ വ്യാജമായിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് മലപ്പുറം താനൂരിലെ വീട്ടില്‍ നിന്ന് ഇമ്രാന്‍ഖാനെ പോലിസിന് പിടികൂടാനായത്. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നു മാല വില്‍പന നടത്തിയ സുര്‍ജിത്തിനെയും അറസ്റ്റ് ചെയ്തു.
പിടിച്ചു പറിക്ക് ഉപയോഗിച്ച ബൈക്കും പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇമ്രാന്‍ഖാന്റെ പേരില്‍ എറണാകുളം, തൃശൂര്‍ പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതോളം പിടിച്ചുപറി കേസുകളുണ്ടെന്ന് പോലിസ് അറിയിച്ചു.
0 Comments