കൊച്ചി: തലയിലിരിക്കുന്ന ഹെല്‍മെറ്റിനുള്ളില്‍ വിഷപ്പാമ്പുണ്ടെന്നറിയാതെ അധ്യാപകന്‍ സഞ്ചരിച്ചത് 11 കിലോമീറ്റര്‍. ഉദയംപേരൂര്‍ കണ്ടനാട് ഹൈസ്‌കൂള്‍ സംസ്‌കൃതാധ്യാപകന്‍ മാമല കക്കാട് വാരിയത്ത് 'അച്യുതവിഹാറി'ല്‍ കെ എ രഞ്ജിത്താ(37)ണ് ഭാഗ്യം കൊണ്ട രക്ഷപ്പെട്ടത്.[www.malabarflash.com]
വളവളപ്പന്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ വിഷം കൂടിയ പാമ്പുകളിലൊന്നായ ശംഖുവരയനാണ് അധ്യാപകന്റെ ഹെല്‍മറ്റില്‍ കയറിക്കൂടിയത്. വീടിന്റെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലാണു ഹെല്‍മറ്റ് തൂക്കിയിട്ടിരുന്നത്. ഇവിടെ നിന്നാവാം പാമ്പ് കയറിക്കൂടിയത്.
ബുധനാഴ്ച രാവിലെ 8.30ഓടെ വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കണ്ടനാട് സ്‌കൂളില്‍ ഹെല്‍മെറ്റ് ധരിച്ചുകൊണ്ടു തന്നെയാണ് രഞ്ജിത്ത് ബൈക്കോടിച്ചു വന്നത്. തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി. സ്‌കൂളില്‍ സംസ്‌കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. അപ്പോഴൊന്നും പാമ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
പിന്നീട് 11.30ന് പുറത്തേക്ക് പോവാനായി ബൈക്കെടുത്തപ്പോഴാണ് ഹെല്‍മെറ്റിനുള്ളില്‍ പാമ്പിന്റെ വാല്‍ കണ്ടത്. വിവരമറിഞ്ഞ് മറ്റ് അധ്യാപകരുമെത്തി. ഹെല്‍മെറ്റ് പരിശോധിച്ചപ്പോള്‍ സ്‌പോഞ്ചിന്റെ ഉള്ളില്‍ ചത്തനിലയില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച് പരിശോധിച്ചു. പിന്നീട് ഹെല്‍മറ്റ് അടക്കം മണ്ണണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞു.
ശംഖുവരയന്‍ കടിച്ചാല്‍ വിഷം നേരിട്ട് തലച്ചോറിനെയാണു ബാധിക്കുക. വീട്ടിനു സമീപത്തെ കാട്ടില്‍ നിന്നാകാം പാമ്പ് കയറിയത് എന്നാണ് രഞ്ജിത്തിന്റെ സംശയം.
0 Comments