NEWS UPDATE

6/recent/ticker-posts

ആംബുലന്‍സ് ഡ്രൈവര്‍ക്കു ക്രൂരമര്‍ദനം; ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ അറസ്റ്റില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ എസ്‌വൈഎസ് സഹായി ആംബുലന്‍സിന്റെ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ അറസ്റ്റിലായി.[www.malabarflash.com]

കൊടുവള്ളി കിഴക്കോത്ത് ആവിലോറ വെള്ളത്തിങ്കല്‍ റിതേഷ്, ഡ്രൈവര്‍ പെരുവയല്‍ മുതലക്കുണ്ടുനിലം മുഹമ്മദ് റാഫി എന്നിവരെയാണ് താമരശ്ശേരി പോലിസ് അറസ്റ്റുചെയ്തത്. 

തിങ്കളാഴ്ച രാവിലെ ഏഴിന് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ ഈങ്ങാപ്പുഴ അങ്ങാടിക്കുസമീപമായിരുന്നു സംഭവം. ക്ലീനര്‍ക്കെതിരേ ഡ്രൈവറെ ആക്രമിച്ചുപരിക്കേല്‍പ്പിച്ചതിനും ബസ് ഡ്രൈവര്‍ക്കെതിരേ മാര്‍ഗതടസ്സം സൃഷ്ടിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. 

താമരശ്ശേരിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ എടുക്കാന്‍ പോവുകയായിരുന്നു ആംബുലന്‍സ്. ബംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്. അപായശബ്ദമിട്ട് യാത്രചെയ്ത ആംബുലന്‍സിനു സൈഡ് നല്‍കിയില്ല. ഇത് ചോദ്യംചെയ്ത് ആംബുലന്‍സ് റോഡില്‍ വിലങ്ങനെ നിര്‍ത്തി. തുടര്‍ന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനു മര്‍ദനമേറ്റത്. 

ആംബുലന്‍സ് ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പരിക്കേറ്റ സിറാജിനെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ക്ലീനറെയും നാട്ടുകാര്‍ തടഞ്ഞുവച്ച് താമരശ്ശേരി പോലിസിലേല്‍പ്പിക്കുകയായിരുന്നു. ബസ്സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments