NEWS UPDATE

6/recent/ticker-posts

കൊറോണ: വിദ്യാര്‍ഥികളെ പരിശോധിച്ച ഡോക്ടര്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍

കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന സംശയത്തില്‍ വനിത ആയുര്‍വേദ ഡോക്ടറെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട്ടു സ്വദേശിനിയായ ഇവര്‍ ബെംഗ്ലൂരുവിലെ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറാണ്.[www.malabarflash.com]

ഏതാനും ദിവസം മുമ്പ് ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ഥികളെ ബെംഗ്ലൂരുവിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയപ്പോള്‍ ജലദോഷവും നേരിയ പനിയുമുണ്ടായെന്നാണ് ഡോക്ടര്‍ ജില്ലാ ആരോഗ്യവകുപ്പ് അധികാരികളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധനയ്ക്കയച്ചു.

വനിതാ ഡോക്ടര്‍ അടക്കം നിലവില്‍ ജില്ലയില്‍ ഐസൊസലേഷന്‍ വാര്‍ഡില്‍ ആകെ നാല് പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 92 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേരും ഉള്‍പ്പെടെ 96 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര്‍ വീടുകളിലും രണ്ടു പേര്‍ വീതം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. 

19 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. 14 പേരുടെ പരിശോധനാ ഫലം ലഭിച്ചതില്‍ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവായിട്ടുള്ളത്. പോസിറ്റീവായ രോഗി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുടെ നില തൃപ്തികരമാണ്.

പുതുതായി ഒരാളുടെയും ഫലം പോസ്റ്റീവ് ആയിട്ടില്ലെങ്കിലും ജില്ലയില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ ഉപസമിതികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കൊറോണ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ലൈലയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘം ജില്ലാ ആശുപത്രിയിലുള്ള കൊറോണ സ്ഥിരീകരിച്ച രോഗിയെ സന്ദര്‍ശിച്ചു. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഐ.എം.എ നടത്തുന്ന പരിശീലന പരിപാടിയിലും സംഘം പങ്കെടുത്തു.

Post a Comment

0 Comments