NEWS UPDATE

6/recent/ticker-posts

ഓട്ടോറിക്ഷാ സേവനത്തിന് ഇന്ത്യയിൽ ആദ്യമായി ഐഎസ്ഒ 9001: 2015 അംഗീകാരം ‘ഹലോ ഓട്ടോ ബഡ്ഡി’ക്ക്

ആലുവ: ഓട്ടോറിക്ഷാ സേവനത്തിന് ഇന്ത്യയിൽ ആദ്യമായി ഐഎസ്ഒ 9001: 2015 അംഗീകാരം ആലുവ കാരോത്തുകുഴി കവലയിൽ ഓടുന്ന ‘ഹലോ ഓട്ടോ ബഡ്ഡി’ക്ക്. 60 ശതമാനം അംഗപരിമിതനായ ശ്രീകാന്ത് നായിക്കാണു വാഹനത്തിന്റെ സാരഥി.[www.malabarflash.com]

ഇംഗ്ലണ്ടിലെ യുഎഎസ്എൽ (യുണൈറ്റഡ് അക്രഡിറ്റിങ് സർവീസസ് ലിമിറ്റഡ്) സർട്ടിഫിക്കേഷൻ അതോറിറ്റിയുടെ ഇന്ത്യൻ ഘടകം, സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ സേവനം മുൻനിർത്തിയാണ് ഈ അംഗീകാരം നൽകിയത്. 

സിഎൻജി ഇന്ധനമായുള്ള കെഎൽ 41 പി 5419 നമ്പർ ഓട്ടോ നിരത്തിലിറങ്ങിയിട്ട് ഒരു വർഷമായി. ഇതിനകം പിന്നിട്ടത് 27,000 കിലോമീറ്റർ.

ഒന്നും രണ്ടുമല്ല ഈ ഓട്ടോയുടെ പ്രത്യേകതകൾ. യാത്രക്കാരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓട്ടോയുടെ യാത്ര ജിപിഎസ് മുഖേന ട്രാക്ക് ചെയ്യാം. ആർസി ബുക്കും ഡ്രൈവറുടെ ലൈസൻസും ക്യുആർ കോഡ് രൂപത്തിൽ ഡ്രൈവർ സീറ്റിനു പിറകിൽ സ്ഥാപിച്ചിരിക്കുന്നു. 

യാത്രക്കാർക്കു സൗജന്യ വൈഫൈ സൗകര്യം. മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ചാർജ് ചെയ്യാൻ സീറ്റിനരികിൽ പ്ലഗ്. ഓട്ടോയുടെ മുൻപിൽ ഘടിപ്പിച്ച ഡാഷ് ക്യാം, റിവേഴ്സ് ക്യാമറ എന്നിവയിലെ ദൃശ്യങ്ങൾ വാഹനമോടുന്ന സമയം മുഴുവൻ റെക്കോർഡ് ചെയ്യപ്പെടും.

മലയാളം, ഇംഗ്ലിഷ്, തമിഴ് ദിനപ്പത്രങ്ങൾ വായിക്കാൻ കിട്ടും. യാത്രക്കൂലി നൽകാൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ വഴിയും പണം സ്വീകരിക്കും. ആധാർബന്ധിത അക്കൗണ്ടിൽ നിന്നു കാർഡില്ലാതെ തന്നെ ആധാർ നമ്പരും വിരലടയാളവും നൽകി പണം സ്വീകരിക്കുന്ന ‘ആധാർ പേ’ സൗകര്യവുമുണ്ട്. 

ഇന്ത്യൻ സൈനികർക്കും ഡയാലിസിസ്, കാൻസർ രോഗികൾക്കും യാത്ര പൂർണമായും സൗജന്യം.

ഓട്ടോയുടെ സാരഥി ശ്രീകാന്ത് സ്വകാര്യ ഹോമിയോപ്പതിക് കോളജിൽ എൽഡി ക്ലർക്കായിരുന്നു. 2000ൽ കോളജ് എയ്ഡഡ് ആക്കിയപ്പോൾ സർക്കാർ അംഗീകരിച്ചത് 50 അനധ്യാപക തസ്തിക മാത്രം. അന്നു ചികിത്സക്കായി ശൂന്യവേതന അവധിയിലായിരുന്ന ശ്രീകാന്തിന് അതോടെ ജോലി നഷ്ടപ്പെട്ടു. 
അസ്ഥി സംബന്ധമായി 60 ശതമാനം വൈകല്യമുള്ളയാളാണു ശ്രീകാന്ത് (43). ആംഗലോസിസ് സ്പോണ്ടിലോസിസ്, ഓസ്റ്റിയോ ആർത്രൈറ്റ്സ് രോഗങ്ങൾ ബാധിച്ചു കണ്ണികൾ ഉറച്ചുപോയതിനാൽ നട്ടെല്ലു വളയില്ല. നേരെമാത്രമേ നിൽക്കൂ.

18 വർഷം മുൻപ് ഇടുപ്പിലെ രണ്ടു സന്ധികളും ശസ്ത്രക്രിയയിലൂടെ നീക്കി. പകരം ഘടിപ്പിച്ചിരിക്കുന്നതു പ്ലാസ്റ്റിക്, സെറാമിക് സന്ധികൾ. ക്ലർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ ജീവിക്കാൻ മാർഗമില്ലാതെ ശ്രീകാന്ത് തെങ്ങുകയറ്റം തൊഴിലാക്കിയിരുന്നു. നാളികേര വികസന ബോർഡിന്റെ ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ പദ്ധതിയിലാണു പരിശീലനം നേടിയത്. അതു കഴിഞ്ഞ് ഓട്ടോ ഡ്രൈവറായി. ഒഴിവുള്ളപ്പോൾ ക്ഷേത്രങ്ങളിലും പള്ളികളിലും കരിമരുന്നുപ്രയോഗത്തിനും പോകും.

(കടപ്പാട്: മനോരമ )

Post a Comment

0 Comments