NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്രത്തിൽ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണത്തിന് ആയിരങ്ങൾ

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ വലിയ കലംകനിപ്പ് മഹാനിവേദ്യത്തിന് കലങ്ങൾ സമർപ്പിക്കാനെത്തിയത് ആയിരങ്ങൾ. ഭണ്ഡാര വീട്ടിൽ അടിച്ചുതളിയും മേലേ ക്ഷേത്രത്തിൽ കലശാട്ടിനും ശേഷം പണ്ടാരക്കലമാണ് ക്ഷേത്രത്തിൽ ആദ്യം സമർപ്പിച്ചത്.[www.malabarflash.com]

തുടർന്ന് ക്ഷേത്ര പരിധിയിലെ വിവിധ പ്രാദേശിക സമിതികളിൽ നിന്ന് വാദ്യ മേള ഘോഷയാത്രകളോടെ കലങ്ങൾ തലയിലേറ്റി സംഘമായി
ക്ഷേത്രത്തിലെത്തി. അധികവും സ്ത്രീകളാണ് കലംകൊണ്ടുവരിക. 

വ്രതശുദ്ധിയോടെ പുത്തൻ മൺകലത്തിൽ കുത്തിയ പച്ചരി, ശർക്കര, നാളികേരം, കാണിപ്പണം , അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയിലകൊണ്ട് കലത്തിന്റെ വായ മൂടികെട്ടി കുരുത്തോലയുമായി നടന്ന്‌ ക്ഷേത്ര പ്രദക്ഷിണം നടത്തി സമർപ്പണം നടത്തി. പത്തായിരത്തോളം കലങ്ങലാണ് ഇത്തവണ നേർച്ചയായി സമർപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

ചടങ്ങെന്ന രീതിയിൽ വിളവെടുപ്പ് കഴിഞ്ഞാൽ ഒന്നാം വിളയിൽ നിന്ന് പുത്തരിയും രണ്ടാം വിളയിൽ നിന്ന് കലംകനിപ്പിനുള്ള നെല്ലും മാറ്റിവെക്കുന്നത് പണ്ട് കാലം മുതലേയുള്ള രീതിയാണ്. 

നാട്ടിൽ പടർന്നു പിടിക്കുന്ന മാറാവ്യാധികൾ, വസൂരി പോലുള്ള രോഗങ്ങൾ, വിളനാശം തുടങ്ങിയവയിൽ നിന്ന് മോചനവും സർവ്വോപരി കുടുംബാംഗങ്ങൾക്ക്‌ ഐശ്യരവും കിട്ടാൻ വേണ്ടിയുള്ള നേർച്ചയാണിത്. ഇതര മതസ്ഥർ സമുദായ സ്ത്രീകളെ ഏൽപ്പിച്ചാണ് നേർച്ചക്കലം ക്ഷേത്രത്തിൽ എത്തിക്കാറ്.
ക്ഷേത്രത്തിലെത്തിയവർക്ക് ഉണക്കലരി കഞ്ഞിയും മാങ്ങ അച്ചാറും മങ്ങണത്തിൽ (മൺചട്ടി) വിളമ്പികൊടുക്കുന്ന സവിശേഷതയും ഇതിന്റെ ഭാഗമാണ്. 100 കിലോ മാങ്ങയും 350 കിലോ പച്ചരിയും ഇതിനായി ഉപയോഗിച്ചു. 700പരം മങ്ങണങ്ങൾ ഇതിനായി ഒരുക്കിയിരുന്നു.
കലത്തിലെ വിഭവങ്ങൾകൊണ്ട് പാകം ചെയ്ത ചോറും ചുട്ടെടുത്ത അടയും കലത്തിലാക്കി ശനിയാഴ്ച്ച രാവിലെ ഏഴര മണിയോടെ കലശം ആടിയശേഷം നേർച്ച സമർപ്പിച്ചവർക്ക് തിരിച്ചുനൽകും. 

ഒരു സംസ്കാരത്തിന്റെ പ്രതീകമായ മൺപാത്ര നിർമ്മാണം അന്യമായിക്കൊണ്ടിരിക്കുമ്പോൾ, അത്‌ പാരമ്പരാഗതമായി കുലത്തൊഴിലാക്കി ജീവിച്ചു പോന്നവർക്ക് നിലനിന്ന് പോകാൻ പാലക്കുന്ന് കലംകനിപ്പ് ഉൽസവം ഒരു പരിധിവരെ സഹായകമാകുന്നുണ്ട്.

Post a Comment

0 Comments