നിലമ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്നയാളുടെ ലഗേജുമായി മുങ്ങിയ യുവതിയും ഭർത്താവും പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് ഞാണിക്കടവ് പുഴക്കരകല്ലിൽ സിദ്ദീഖ് (30), ഭാര്യ വഴിക്കടവ് കാരക്കോട് ആനക്കല്ലൻ ഹസീന (35) എന്നിവരെയാണ് വഴിക്കടവ് പോലീസ് പിടികൂടിയത്.[www.malabarflash.com]
കാഞ്ഞങ്ങാട് സ്വദേശിയും വിദേശത്ത് ബിസിനസുകാരനുമായ ഷംസുദ്ദീന്റെ (50) ലക്ഷങ്ങൾ വിലമതിക്കുന്ന ലഗേജ് ഹസീന തട്ടിയെടുക്കുകയായിരുന്നു
ദുബൈയിൽ വീട്ടുജോലിക്കാരിയായ ഹസീനയും ഷംസുദ്ദീനും ഒരുമിച്ചാണ് ജനുവരി 23ന് പുലർച്ച മൂന്നിന് കരിപ്പൂരിൽ എത്തിയത്. ഷംസുദ്ദീന്റെ ലഗേജ് കൂടുതലായതിനാൽ വിലപിടിപ്പുള്ള സാധനങ്ങളടങ്ങുന്ന ലഗേജ് വിദേശത്തുനിന്ന് തന്നെ ഹസീനയെ ഏൽപ്പിച്ചിരുന്നത്രെ. വിമാനമിറങ്ങി ഷംസുദ്ദീൻ ശുചിമുറിയിലേക്ക് പോയ സമയം ഹസീന മുങ്ങുകയായിരുന്നു.
വഴിക്കടവിലെത്തിയെങ്കിലും ഇവിടെയെത്തിയില്ലെന്ന വിവരമാണ് ലഭിച്ചത്. വഴിക്കടവ് പോലീസ് അന്വഷണത്തിലാണ് തട്ടിപ്പിൽ ഭർത്താവിനും പങ്കുണ്ടെന്ന് മനസ്സിലായത്. വിദേശത്ത് നിന്നെത്തുന്ന ഹസീനയെ കൊണ്ടു പോകാനെത്തിയ സിദ്ദീഖിനൊപ്പം മംഗലാപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു.
മംഗലാപുരത്ത് മുറി വാടകക്കെടുത്ത ശേഷം ആഭരണങ്ങൾ ഹസീനയും ഭർത്താവുമെടുക്കുകയും മറ്റ് സാധനങ്ങൾ കൂടെയുണ്ടായിരുന്നവരുമായി വീതിച്ചെടുക്കുകയുമായിരുന്നു. ആഭരണങ്ങൾ മംഗലാപുരത്ത് വിറ്റതായി പ്രതികൾ സമ്മതിച്ചു.
ഹസീനയുടെ വീട്ടിൽ നിന്ന് പോലീസ് ലാപ് ടോപ്പും മൊബൈലുകളും കണ്ടെടുത്തു. പ്രതികൾ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ലഗേജ് തട്ടുന്ന സംഘത്തിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
0 Comments