NEWS UPDATE

6/recent/ticker-posts

പ്രാർഥനകൾ വിഫലം; ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി

കൊട്ടിയം: ദേവനന്ദയ്ക്കായുള്ള കേരളത്തിന്റെ പ്രാർഥനകളും കാത്തിരിപ്പും വിഫലം. കൊല്ലം പള്ളിമൺ ഇളവൂരിൽ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തിൽ കാണാതായ ആറു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി.[www.malabarflash.com]

വീടിനോടു ചേർന്ന് ഒഴുകുന്ന ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിലെ കാടുനിറഞ്ഞ ഭാഗത്ത് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതിരാവിലെ തിരച്ചിലിന് ഇറങ്ങിയ കോസ്റ്റൽ പോലീസിലെ ആഴക്കടൽ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അധികം വൈകാതെ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും.

കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ – ധന്യ ദമ്പതികളുടെ മകളാണ് പൊന്നു എന്നു വിളിക്കുന്ന ദേവനന്ദ. വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വാർഷികാഘോഷം ആയിരുന്നതിനാൽ വ്യാഴാഴ്ച  സ്കൂളിന് അവധിയായിരുന്നു. നൃത്ത ഇനങ്ങളിൽ ദേവനന്ദയും പങ്കെടുത്തിരുന്നു.

അമ്മ ധന്യ തുണികഴുകാൻ പോകുമ്പോൾ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു. ദേവനന്ദ അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് ധന്യ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ ദേവനന്ദയെ കണ്ടില്ല. വീടിന് സമീപത്ത് വേറെ വാഹനങ്ങൾ വന്ന ശബ്ദം കേട്ടില്ലെന്നും ധന്യ പറയുന്നു. വീടിന് പുറത്തോ റോഡിലോ ഒന്നും കുട്ടി കളിക്കാനും പോകാറില്ല.

കുട്ടിയെ കാണാതായ സംഭവം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി തിരച്ചിലും നടത്തി. കുട്ടിയെ കാണാതായി പരാതി ലഭിച്ച ഉടൻ പോലീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി.

സമീപത്തുള്ള പള്ളിമൺ ആറ്റിലും മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തി. വൈകിട്ട് ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിവരെ നീണ്ട തിരച്ചിലിനു ശേഷം വെള്ളിയാഴ്ച  രാവിലെ സമീപത്തെ ആറ്റിൽ തിരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments