കൊച്ചി: തകർന്ന റോഡുകൾക്കും ഇതുമൂലമുണ്ടാകുന്ന വാഹനാപകടങ്ങൾക്കും ബന്ധപ്പെട്ട എൻജിനീയർമാരെ ഉത്തരവാദികളാക്കി നടപടിയെടുക്കണമെന്നു ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.[www.malabarflash.com]
ഇതിനായി സർക്കാരിന് നയ രൂപീകരണം നടത്താനാവുമെന്നു വ്യക്തമാക്കിയ സിംഗിൾബെഞ്ച് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
റോഡ് ഗതാഗതം ഉറപ്പാക്കാൻ നടപ്പാത കൂടി വേണമെന്നും പലയിടങ്ങളിലും നടപ്പാതകളില്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ടി വരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തെരുവുവിളക്കുകളുടെ അഭാവവും അപകടഭീഷണിയുണ്ടാക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ വ്യക്തമാക്കി ഹർജി ഫെബ്രുവരി 17നു പരിഗണിക്കാൻ മാറ്റി.
2019 ഡിസംബർ 12ന് പാലാരിവട്ടത്ത് മെട്രോ സ്റ്റേഷനു സമീപത്തെ റോഡിലെ കുഴിയിൽ ബൈക്ക് വീണതിനെത്തുടർന്നു യദുലാൽ എന്ന യുവാവ് മരിച്ച സംഭവം കണക്കിലെടുത്താണ് എൻജിനീയർമാരടക്കമുള്ളവർക്കെതിരേ ഉത്തരവാദിത്വം ചുമത്താൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്.
0 Comments