NEWS UPDATE

6/recent/ticker-posts

ആഡംബരജീവിതം നയിക്കാനായി മോഷണം പതിവാക്കിയ പത്തൊമ്പതുകാരി ഒടുവില്‍ എത്തിപ്പെട്ടത് ജയിലില്‍

ചെറുവത്തൂര്‍: ആഡംബരജീവിതം നയിക്കാനായി മോഷണം പതിവാക്കിയ പത്തൊമ്പതുകാരി ഒടുവില്‍ എത്തിപ്പെട്ടത് ജയിലില്‍. പയ്യന്നൂരിനടുത്ത പഴയങ്ങാടി മുട്ടം സ്വദേശിനി ഫര്‍ഹാന(19)യാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്നതിനിടെ പോലീസ് പിടിയിലായത്.[www.malabarflash.com]

പെരുമ്പയിലെ റൈഹാനത്തിന്റെ ഒരുവയസുള്ള കുട്ടിയുടെ കഴുത്തില്‍ നിന്ന് മുക്കാല്‍പവന്‍ വരുന്ന സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ പ്രതിയായ ഫര്‍ഹാനയെ പയ്യന്നൂര്‍ എസ്.ഐ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഫര്‍ഹാനയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതി റിമാണ്ട് ചെയ്തു.

റൈഹാനത്ത് പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ കുട്ടിയെയും കൊണ്ട് ചികിത്സക്കെത്തിയതായിരുന്നു. റൈഹാനത്തുമായി സൗഹൃദം സ്ഥാപിച്ച ഫര്‍ഹാന കുട്ടിയെ മടിയിലിരുത്തി ലാളിക്കുന്നതിനിടെ തന്ത്രപൂര്‍വം സ്വര്‍ണ്ണമാല ഊരിയെടുത്ത് സ്ഥലം വിടുകയായിരുന്നു.

റൈഹാനത്തിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് പയ്യന്നൂര്‍ ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ മോഷണം നടത്തി രക്ഷപ്പെടുന്ന സ്ത്രീയുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടര്‍ന്ന പോലീസ് ഫര്‍ഹാനയെ പയ്യന്നൂരിലെ ഒരു ജ്വല്ലറിയില്‍ കവര്‍ച്ചാസ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്തപ്പോള്‍ പയ്യന്നൂരിലെയും ചെറുവത്തൂരിലെയും ആസ്പത്രികളില്‍ സമാനമായ രീതിയില്‍ ഫര്‍ഹാന മാലമോഷണം നടത്തിയതായി തെളിഞ്ഞു. ആശുപത്രികളില്‍ കുട്ടികളുമായി ചികിത്സക്കെത്തുന്ന സ്ത്രീകളെ തിരഞ്ഞുപിടിച്ചാണ് ഫര്‍ഹാന സൗഹൃദം സ്ഥാപിക്കാറുള്ളത്. തുടര്‍ന്ന് കുട്ടികളെ തന്റെ മടിയിലിരുത്തി ലാളിക്കുകയും സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യും. ഇതിനിടയില്‍ കുട്ടികളുടെ മാല തട്ടിയെടുത്ത് ഒന്നും സംഭവിക്കാത്തതുപോലെ അവിടെ നിന്ന് മുങ്ങും.

കവര്‍ച്ചാസ്വര്‍ണ്ണം വില്‍പ്പന നടത്തി കിട്ടുന്ന പണം കൊണ്ട് ജീവിതം ആഘോഷിക്കുകയാണ് ഫര്‍ഹാനയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments