ഉദുമ: ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ കൂരക്കുള്ളില്‍ അന്തിയുറങ്ങിയ 65 വയസുള്ള സരോജിനി എന്ന ലിംഗമ്മയ്ക്കും വേണം അടച്ചുറപ്പുള്ളൊരു വീട്. പനയാല്‍ നെല്ലിയെടുക്കം ചക്ലീയ കോളനിയില്‍ റോഡരികില്‍ കൂര വെച്ച് താമസം തുടങ്ങിയിട്ട് വര്‍ഷം 38 കഴിഞ്ഞു.[www.malabarflash.com]
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച കൂരയുടെ മേല്‍ക്കുര ദ്രവിച്ച് ഓടുകള്‍ ഇളകി വീണു തുടങ്ങിയതോടെ ബാക്കിയുള്ളവ നഷ്ടപ്പെടാതിരിക്കാന്‍ പൊളിച്ചെടുത്തു മാറ്റി വെച്ചു. ഇപ്പോള്‍ വീണ്ടും പുനര്‍ നിര്‍മ്മിക്കാന്‍ സരോജി മുട്ടാത്ത വാതിലുകളില്ല.
പഞ്ചായത്തിലും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും സ്വന്തമായി ഭൂമിയില്ലെന്ന കാരണത്താല്‍ വീടുമില്ല. പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ധനസഹായവുമില്ല. മഴക്കാലമായാല്‍ മഴവെള്ളം പൂര്‍ണമായും ഈ കൂരക്കുള്ളിലേക്ക് വീഴുമെന്ന അവസ്ഥയാണിപ്പോള്‍.
സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്ന കാരണത്താല്‍ വീട് തന്നെ നിര്‍മ്മിച്ചുകൊടുക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും പൊതുസ്ഥലമായതിനാല്‍ റവന്യൂ നടപടികള്‍ ഉണ്ടായേക്കുമെന്ന കാരണത്താല്‍ പണിതു കൊടുക്കാന്‍ മടികാണിക്കുന്നു.
ഇപ്പോള്‍ താമസിക്കുന്ന ഈ കൂരയ്ക്ക് വീട്ടുനമ്പറും വൈദ്യുതിയും റേഷന്‍ കാര്‍ഡും അധികൃതര്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. സരോജിനിക്ക് മക്കള്‍ രണ്ടാണ്. മകള്‍ കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനോടപ്പം കഴിയുന്നു. മകന്‍ ഗോപാലന്‍ അഞ്ച് വര്‍ഷം മുന്‍പും ഭാര്യ അടുത്ത കാലക്കും മരണമടഞ്ഞിരിക്കുകയാണ്.
മകന്റെ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികള്‍ അമ്മാവന്‍മാരോടപ്പമാണ് താമസം. മകന്‍ ഗോപാലന്റെ പേരില്‍ 5 സെന്റ് ഭൂമി ദേവന്‍ പൊടിച്ച പാറയില്‍ ഉണ്ടെങ്കിലും അവിടെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. അവിടെ നിര്‍മ്മിച്ച വീട്ടില്‍ താമസമില്ലാത്തതിനാല്‍ നശിച്ചിരിക്കുകയാണ്.
പ്രായധിക്യത്താല്‍ അവശത അനുഭവിക്കുന്ന സരോജിനിക്ക് മരിച്ചുപോയ മകന്‍ ഗോപാലന്റെ മക്കള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ മൂന്ന് കിലോ മീറ്റര്‍ ദൂരെ പോയി ഒറ്റക്ക് താമസിക്കാനും സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. രേഖകളെല്ലാം മകന്റെ പേരിലായതിനാല്‍ വീട് കെട്ടാനോ മറ്റ് സാമ്പത്തിക സഹായങ്ങളോ സരോജിക്ക് ലഭിക്കുകയുമില്ല.
കോളനിയില്‍ തന്നെ എവിടെയെങ്കിലും അഞ്ച് സെന്റ് ഭൂമിയെങ്കിലും പതിച്ച് കിട്ടാന്‍ ശ്രമങ്ങള്‍ ആരംഭിച്ച് വര്‍ഷങ്ങളായെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാണ് സരോജിനിയമ്മ പറയുന്നത്. സ്വന്തമായെന്നു പറയാന്‍ ആരുമില്ലാത്ത ഈ അമ്മ എന്ത് ചെയ്യണമെന്നറിയാതെ കൂരക്ക് മുകളിലെ തെളിഞ്ഞ ആകാശം നോക്കിയിരിപ്പാണ്.
0 Comments