തലശ്ശേരി: കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ സി.പി.എം പ്രവർത്തകനായ തൊങ്ങ് ബാലൻ ഭാസ്‌കരനെ (57) ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പിക്കാരായ എട്ടു പ്രതികൾക്കും ഇരുപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.[www.malabarflash.com]
പിഴയടച്ചാൽ ബാലൻ ഭാസ്‌കരന് നൽകണമെന്നും, അല്ലാത്തപക്ഷം രണ്ടുവർഷം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ വിധിച്ചു.
ബി.ജെ.പി പ്രവർത്തകരായ മാങ്ങാട്ടിടത്തെ പുത്തലത്ത് വിനോദ് (52), പി.വി. നിധീഷ് (29), ഉച്ചുമ്മൽ രാമകൃഷ്ണൻ (51), പുത്തൻവീട്ടിൽ മാമില സജിത്ത് (30), പുതിയേടത്ത് ബിജു (43), അതിർകുന്നേൽ പ്രജീഷ് (34), അതിർകുന്നേൽ സുബിൻ ലാൽ (34), പുന്നക്കൽ ദയാലൻ (43) എന്നിവരാണ് പ്രതികൾ.
2008 ഫെബ്രുവരി 12 ന് ആമ്പിലാട്ടെ ചാത്തോത്ത് വിജയകുമാറിന്റെ വീടിനടുത്തുള്ള കനാൽക്കരയിൽ വച്ച് പ്രതികൾ മാരകായുധങ്ങളോടെ വധിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. സംഭവത്തിന് തലേന്ന് ബി.ജെ.പി പ്രവർത്തകനായ പി. വിജേഷിന് സി.പി.എം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ. സി.കെ. രാമചന്ദ്രനാണ് ഹാജരായത്.
0 Comments