ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലാണ് രാജ്യത്തെ രണ്ടാമത്തെ മരണം റിപോര്‍ട്ട് ചെയ്തത്. വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജനക്പുരി സ്വദേശിനിയാണ്(69) മരിച്ചത്.[www.malabarflash.com]
ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഫെബ്രുവരി അഞ്ചിനും 22നും ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും ഇറ്റലിയിലും ഇവരുടെ മകന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഫെബ്രുവരി 23നാണ് മകന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതോടെ മാര്‍ച്ച് ഏഴിന് യുവാവിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുടുംബം നിരീക്ഷണത്തിലായിരുന്നു.
പനിയും ചുമയും അനുഭവപ്പെട്ടതോടെയാണ് യുവാവിന്റെ അമ്മയേയും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവര്‍ക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. മാര്‍ച്ച് എട്ടിന് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. തൊട്ടടുത്ത ദിവസം ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
അതിനിടെ അവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില കൂടുതല്‍ മോശമായതോടെ മാര്‍ച്ച് ഒമ്പത് മുതല്‍ വെന്റിലേറ്ററിലായിരുന്നു.
അതേസമയം, രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കല്‍ബുര്‍ഗിയില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാന്‍ വൈകിയ കല്‍ബുര്‍ഗിയില്‍ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. രോഗി വീട്ടിലും കല്‍ബുര്‍ഗിയിലെയും ഹൈദരാബാദിലെയും ആശുപത്രികളിലുമായി ഒന്‍പത് ദിവസത്തോളം കഴിഞ്ഞു.
കൊവിഡ് സംശയിച്ചിട്ടും മൃതദേഹം സംസ്‌കരിക്കുന്നതില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും വ്യക്തമായിട്ടുണ്ട്. കയ്യുറയും മാസ്‌കും ധരിക്കാത്തവരാണ് ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയത്.
ഇവരുള്‍പ്പെടെ രോഗിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കി. അടുത്ത ബന്ധുക്കള്‍, ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നവര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരടക്കം 31 പേര്‍ നിരീക്ഷണത്തിലാണ്. രോഗിയുമായി നേരിട്ട് ഇടപഴകിയവരില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
0 Comments