NEWS UPDATE

6/recent/ticker-posts

ലോക്‌സഭയില്‍ ബഹളം: രാജ്‌മോഹന്‍ ഉണ്ണിത്താനടക്കം ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സ്പീക്കറുടെ മേശപ്പുറത്തെ കടലാസുകള്‍ ബലം പ്രയോഗിച്ചെടുത്ത് കീറിയെറിഞ്ഞെന്നും സഭയോട് അനാദരം കാട്ടിയെന്നും ആരോപിച്ച് ഏഴ് കോൺഗ്രസ് അംഗങ്ങളെ വ്യാഴാഴ്ച ലോക്‌സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു.[www.malabarflash.com]

ബെന്നി ബെഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് അഹൂജ എന്നിവരെയാണ് ബജറ്റുസമ്മേളനം തീരുന്ന ഏപ്രില്‍ മൂന്നുവരെ സസ്പെന്‍ഡ് ചെയ്തത്. 

ഇതിനായി പാര്‍ലമെന്ററികാര്യമന്ത്രി പ്രൾഹാദ് ജോഷി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ശബ്ദവോട്ടോടെ പാസാക്കി. സ്പീക്കറുടെ അസാന്നിധ്യത്തിൽ സഭാധ്യക്ഷരുടെ പാനലിലുള്ള ബി.ജെ.പി. അംഗം മീനാക്ഷി ലേഖിയാണ് നടപടികള്‍ നിയന്ത്രിച്ചത്.

ഡല്‍ഹി കലാപം ഉടന്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിനിടയിലായിരുന്നു ഈ സംഭവവികാസങ്ങൾ. മൂന്നുവട്ടം നിര്‍ത്തിവെച്ച ലോക്‌സഭ മൂന്നുമണിക്ക് വീണ്ടും ചേർന്നപ്പോഴാണ് അപ്രതീക്ഷിതമായി പ്രതിപക്ഷത്തിനെതിരേ സര്‍ക്കാര്‍ ‘സസ്പെന്‍ഷന്‍’ പ്രയോഗിച്ചത്. 

കഴിഞ്ഞ മൂന്നുദിവസത്തെയുംപോലെ വ്യാഴാഴ്ചയും രാവിലെമുതല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുയര്‍ത്തിയും കടലാസ് കീറിയെറിഞ്ഞും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഉച്ചയ്ക്കുമുമ്പ് രണ്ടുവട്ടം സഭ സ്തംഭിച്ചു.

ഉച്ചയ്ക്കു രണ്ടിനു ചേർന്നപ്പോള്‍ സഭ നിയന്ത്രിച്ചിരുന്ന രമാദേവിയുടെ കസേരയ്ക്കരികില്‍നിന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. അധ്യക്ഷന്റെ കസേരയ്ക്കുമുന്നില്‍ ബാനര്‍ കുറുകെപ്പിടിച്ചും കടലാസ് കീറിയെറിഞ്ഞും പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു.

ഇതിനിടയില്‍ ഗൗരവ് ഗൊഗോയ്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ സ്പീക്കറുടെ മേശപ്പുറത്തുനിന്ന് കടലാസെടുത്ത് കീറിയെറിഞ്ഞെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ബഹളം രൂക്ഷമായപ്പോള്‍ മൂന്നുവരെ സഭ നിര്‍ത്തിവെച്ചു.

മൂന്നിനു ചേര്‍ന്നപ്പോള്‍ അധ്യക്ഷപദവിയിലുണ്ടായിരുന്ന ബി.ജെ.പി. നേതാവ് മീനാക്ഷി ലേഖി പ്രതിപക്ഷാംഗങ്ങള്‍ക്കെതിരേ നടപടി തുടങ്ങി. ഏഴംഗങ്ങളുടെ പേരുകള്‍ അധ്യക്ഷ വായിച്ചു. ഇവരോട് ഒരുദിവസത്തേക്കു സഭയില്‍നിന്നു വിട്ടുനില്‍ക്കാന്‍ അധ്യക്ഷ നിര്‍ദേശിച്ചു.

തൊട്ടുപിന്നാലെ ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശചെയ്യുന്ന പ്രമേയം മന്ത്രി പ്രൾഹാദ് ജോഷി അവതരിപ്പിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ പുറത്തുപോകാന്‍ മീനാക്ഷി ലേഖി ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തു. ബഹളം രൂക്ഷമായപ്പോള്‍ സഭ വെള്ളിയാഴ്ച രാവിലെവരെ നിര്‍ത്തിവെച്ചു.

Post a Comment

0 Comments