കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പരിപാടിയില്‍ ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിച്ചതിനെ ചൊല്ലി വിവാദം മുറുകുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കരുവാച്ചേരി ബാലകൃഷ്ണന്‍നായര്‍ അനുസ്മരണച്ചടങ്ങിലാണ് ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിച്ചത്.[www.malabarflash.com]
കോണ്‍ഗ്രസിന്റെ ഇത്തരമൊരു നിലപാടിനെതിരെ പ്രതിഷേധവുമായി ലീഗ് നേതൃത്വം രംഗത്തുവന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അണികള്‍ക്കിടയിലും ഈ പ്രശ്‌നം മുറുമുറുപ്പിന് കാരണമായി.
ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, ബി.ജെ.പി നേതാവും വ്യാപാരപ്രമുഖനുമായ ഗോകുല്‍ദാസ് കമ്മത്ത് എന്നിവരെയാണ് പരിപാടിയില്‍ സംഘാടകര്‍ പങ്കെടുപ്പിച്ചത്.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും യു.ഡി.എഫിലെ മറ്റ് ഘടകക്ഷികളുടെയും നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാണ് അനുസ്മരണമെന്നാണ് മുന്നണിയിലെ ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതാക്കള്‍കരുതിയിരുന്നത്. എന്നാല്‍ വേദിയില്‍ ബി.ജെ.പി നേതാക്കളെ കണ്ട് ഇവര്‍ അമ്പരക്കുകയായിരുന്നു. ലീഗ് നേതാക്കള്‍ ഇതില്‍ തങ്ങള്‍ക്കുള്ള നീരസം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ച ശേഷമാണ് തിരിച്ചുപോയത്.
പൗരത്വനിയമത്തിനെതിരെ യു.ഡി.എഫില്‍ ഉടലെടുത്ത ശക്തമായ വികാരം ബി.ജെ.പിക്കെതിരായ അമര്‍ഷമായി നിലനില്‍ക്കുകയും ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാറിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ഇത് യു.ഡി.എഫിന്റെ ആത്മവീര്യം ചോര്‍ത്തുന്ന നടപടിയാണെന്നും പൗരത്വനിയമത്തിനെതിരായ എതിര്‍പ്പിനെ ദുര്‍ബലമാക്കാന്‍ ഇത്തരമൊരു നിലപാട് കാരണമായിത്തീരുമെന്നും ലീഗ് കുറ്റപ്പെടുത്തി.
ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണബാങ്കിന്റെ ഭരണസമിതിയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധത്തിന് അന്ത്യമായത് യു.ഡി.എഫിനകത്ത് ലീഗ് ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു.
കോണ്‍ഗ്രസിലെ ഒരു വിഭാഗവും ബി.ജെ.പി ബന്ധത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. ബി.ജെ.പിയുമായി ഒരുതരത്തിലുള്ള ബന്ധവും ഇനി വേണ്ടെന്ന നിലപാടുമായി യു.ഡി.എഫ് മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെ അട്ടിമറിക്കുന്ന സമീപനം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കൈക്കൊള്ളുന്നതെന്നാണ് ലീഗ് നേതൃത്വം വിമര്‍ശിക്കുന്നത്.
0 Comments