NEWS UPDATE

6/recent/ticker-posts

‘മീഡിയ മാനിയ’ പ്രയോഗം തിരിച്ചടിച്ചു, വെട്ടിലായത് പ്രതിപക്ഷ നേതാവ്

വൈറസിലും രാഷ്ട്രീയം കളിക്കുകയാണിപ്പോള്‍ കേരളത്തിലെ പ്രതിപക്ഷം. നിയമസഭയിലെ അവരുടെ പ്രകടനവും ചെന്നിത്തലയുടെ പ്രതികരണവുമെല്ലാം സൂചിപ്പിക്കുന്നതും അതാണ്.[www.malabarflash.com]

കൊറോണ വൈറസ് ‘ആഗോള മഹാമാരിയായി’ ലോകാര്യോഗസംഘടന പ്രഖ്യാപിച്ചതൊന്നും പ്രതിപക്ഷത്തിനിപ്പോള്‍ പ്രശ്‌നമല്ല. തങ്ങളുടെ ‘പൊറാട്ടു നാടകത്തിന് ‘ നിയമസഭയില്‍ വേദി കിട്ടാതാകുന്നതിലാണ് അവരുടെ രോഷം മുഴുവന്‍. അതു കൊണ്ട് തന്നെയാണ് നിയമസഭ സമ്മേളനം നിര്‍ത്തിവയ്ക്കുന്നതിനെ പോലും പ്രതിപക്ഷം എതിര്‍ക്കുന്നത്.

ജനങ്ങളോട് സമ്പര്‍ക്കമില്ലാത്തതിനാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയില്ല. ഈ ആത്മവിശ്വാസമാണ് ചെന്നിത്തലയുടേയും നിലപാടിന് പിന്നിലുള്ളത്. എന്നാല്‍ ഇടതുപക്ഷ അംഗങ്ങളുടെ സ്ഥിതി അതല്ല. അവര്‍ ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈറസ് ബാധ ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്.ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം.

വി.എസ് ഇരുന്ന കസേരയുടെ മാനം കെടുത്തുന്ന പ്രവര്‍ത്തനമാണ് ചെന്നിത്തല ഇപ്പോള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പരാജയമാകും എന്നതിന്, ഇദ്ദേഹത്തെയാണ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ കണ്ടു പഠിക്കേണ്ടത്.

രാജ്യത്തെ, ഏറ്റവും മികച്ച മന്ത്രിമാരില്‍ മുന്‍ നിരയിലാണ് ശൈലജ ടീച്ചറുടെ സ്ഥാനം.അക്കാര്യത്തില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല.

ആരോഗ്യ മന്ത്രിയുടെ വാക്കുകള്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യമാണ് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. അത് അവരുടെ പ്രവര്‍ത്തന മികവ് കൊണ്ടു കൂടിയാണ്. അതിന് പ്രതിപക്ഷ നേതാവ് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.

ആരോഗ്യ മന്ത്രിക്ക് ‘മീഡിയാ മാനിയ’ ആണെന്ന ചെന്നിത്തലയുടെ ആക്ഷേപം തന്നെ അപഹാസ്യമാണ്.

കൊറോണയെ പേടിച്ച് പുറത്തിറങ്ങാതിരിക്കുന്ന, ചെന്നിത്തലയുടെ ‘മീഡിയാ മാനിയ’യാണ് ഇവിടെ പുറത്തായിരിക്കുന്നത്. മാധ്യമങ്ങളിലൂടെ മാത്രം ജീവിക്കുന്ന പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല.

സ്വന്തം നേതാവിനെ ഒറ്റിക്കൊടുത്ത രാഷ്ട്രീയ പാരമ്പര്യമാണ് ഈ നേതാവിനുള്ളത്.മാധ്യമങ്ങള്‍ കൈവിട്ടാല്‍ പിന്നെ ചെന്നിത്തലയുടെ പൊടി പോലും കാണാന്‍ കഴിയുകയില്ല.

ഇത്തരമൊരു നേതാവാണിപ്പോള്‍ ആരോഗ്യമന്ത്രിയെ കളിയാക്കിയിരിക്കുന്നത്. വൈറസ് ഭീഷണിക്കിടെ പോലും സങ്കുചിത താല്‍പ്പര്യമാണ് ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. ശൈലജ ടീച്ചറെയല്ല, കേരളത്തിലെ ജനങ്ങളെയാണ് ചെന്നിത്തല അപമാനിച്ചിരിക്കുന്നത്.

പ്രവര്‍ത്തിക്കുകയുമില്ല, പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയുമില്ല, എന്ന നിലപാടാണിത്. ചെന്നിത്തല എന്തുതന്നെ പറഞ്ഞാലും, കേരളത്തിലെ ജനങ്ങള്‍ക്ക് ശൈലജ ടീച്ചറെ അറിയാം.

നിപ്പയെ തുരത്താന്‍ രോഗബാധിത പ്രദേശത്ത് തമ്പടിച്ച്, ആരോഗ്യ മന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഈ നാട് കണ്ടതാണ്.

കൊറോണയുടെ കാര്യത്തിലും അവര്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണിത്.

ബ്രിട്ടണില്‍ ആരോഗ്യ മന്ത്രിക്ക് തന്നെയാണ് കൊറോണ വൈറസ് ബാധയേറ്റതെന്ന കാര്യവും ചെന്നിത്തല മറന്നു പോകരുത്.

ജനങ്ങള്‍ക്ക് വേണ്ടി വലിയ റിസ്‌ക്ക് ശൈലജ ടീച്ചറും എടുക്കുന്നുണ്ട്. അവര്‍ എ.സി റൂമിലിരുന്നല്ല, ഫീല്‍ഡില്‍ വരെ പോയാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നത്.

വിമാനത്താവളങ്ങളിലെ പരിശോധന കാര്യക്ഷമമല്ലന്നതാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. ഈ ആക്ഷേപം ഉന്നയിക്കുമ്പോഴും കേന്ദ്ര സര്‍ക്കാറിനെതിരെ ഒരക്ഷരം ചെന്നിത്തല ഇതുവരെ മിണ്ടിയിട്ടില്ല. വിമാനത്താവളത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാണുള്ളത്. ഇക്കാര്യം അദ്ദേഹം മറന്നു പോകരുത്.

ഇവിടെ യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണമെങ്കില്‍, ആദ്യം വിചാരിക്കേണ്ടത് കേന്ദ്രം തന്നെയാണ്. അങ്ങനെ ആയിരുന്നെങ്കില്‍ റാന്നി സ്വദേശികളായ മൂന്ന് വൈറസ് ബാധിതര്‍ ചാടി പോകില്ലായിരുന്നു. വിമാനത്തില്‍ വച്ച് തന്നെ അറിയിപ്പു നല്‍കിയിട്ടും ഇവര്‍ മന: പൂര്‍വ്വം മുങ്ങുകയാണ് ചെയ്തത്.ഈ ദ്രോഹികളുടെ വക്കാലത്താണ് പ്രതിപക്ഷം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അപമാനകരമായ നിലപാടാണിത്.

കേന്ദ്രത്തെ വിട്ട് കേരള സര്‍ക്കാറിനെ ആക്രമിച്ചത് തന്നെ നെറികേടാണ്. കള്ളക്കടത്തു പിടിക്കാന്‍ മാത്രമല്ല, വൈറസ് കടത്ത് പിടിക്കാനും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കണമായിരുന്നു.

വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. യാത്രക്കാര്‍ വൈറസ് പരിശോധനയ്ക്ക് വിധേയമായെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല കേന്ദ്രസുരക്ഷാ ജീവനക്കാര്‍ക്കാണുള്ളത്. അതിന് അനുസരിച്ചുള്ള നിര്‍ദ്ദേശമായിരുന്നു സിഐഎസ്എഫിനും നല്‍കേണ്ടിയിരുന്നത്. ബസ് സ്റ്റാന്റില്‍ നിന്നും പുറത്ത് കടക്കുന്നതു പോലെ വിമാനതാവളത്തില്‍ നിന്നും വൈറസ് ബാധിതര്‍ പുറത്ത് കടന്നത് ഗുരുതര വീഴ്ച തന്നെയാണ്.

വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ മാത്രം പരിശോധിക്കുക എന്ന, ആദ്യ തീരുമാനവും മണ്ടന്‍ തീരുമാനമായിരുന്നു.
ഇറ്റലിയില്‍ നിന്നും ഖത്തര്‍ വഴി എത്തിയ കുടുംബത്തിന് ‘ആനുകുല്യമായതും’ഈ തീരുമാനമാണ്.

ചൈനയില്‍ കൊറോണ വിതച്ച നാശം കണ്ട ഉടനെ തന്നെ, കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു.

ഇപ്പോള്‍ വൈകി കാണിച്ച ജാഗ്രത, അപ്പോഴേ കാണിച്ചിരുന്നു എങ്കില്‍, ഈ അവസ്ഥ തന്നെ ഉണ്ടാകുമായിരുന്നില്ല.

ഏത് രാജ്യത്ത് നിന്നും വരുന്ന യാത്രക്കാരായാലും, മുഴുവന്‍ പേരെയും നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കുകയാണ് വേണ്ടത്. ടൂറിസ്റ്റ് വിസയുടെ കാര്യത്തിലും മുമ്പു തന്നെ റെഡ് സിഗ്‌നല്‍ ഉയര്‍ത്തണമായിരുന്നു. മറ്റു രാജ്യങ്ങളിലെ ഇന്ത്യാക്കാരെ എത്തിക്കാനും, അവരെ നിരീക്ഷിക്കാനും, വൈറസ് പടര്‍ന്ന് പിടിക്കും വരെ കാത്തുനിന്നതും വീഴ്ചയാണ്. വൈറസിന്റെ ഭീകരത മനസ്സിലാക്കി യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു നടപടി വേണ്ടിയിരുന്നത്. വൈറസുകള്‍ക്ക് അതിര്‍ത്തിയില്ലന്ന കാര്യമാണ് ഇവിടെ അധികൃതര്‍ മറന്നു പോയത്.

കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്താണ് ഇക്കാര്യത്തിലെല്ലാം ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ ഇടപെടുന്ന കാര്യത്തിലും ഈ വീഴ്ച പ്രകടമാണ്. സെക്യൂരിറ്റി പരിശോധന കഴിയാതെ ഈച്ച പോലും പുറത്ത് കടക്കാത്തടത്തു നിന്നാണ് വൈറസിപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നത്.
ഇതിന്റെ പരിണിത ഫലമാണ് ഈ നാട് ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

ഈ അവസ്ഥയിലും രോഗ വ്യാപനം തടയാന്‍ ശ്രമിക്കുന്നവരെയാണ്, ചെന്നിത്തലമാരും അപമാനിക്കാന്‍ ശ്രമിക്കുന്നത്.

Post a Comment

0 Comments