NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക് ; കാസറകോട് മാത്രം 34 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ ആകെ രോഗികളുടെ എണ്ണം 164 ആയി. വെള്ളിയാഴ്ച  രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസര്‍കോട് ജില്ലയിലാണ്.

സംസ്ഥാനത്ത് ഒറ്റ ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ഇന്നാണ്. കാസർകോടിനു പുറമെ കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

കൊല്ലത്തു കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ്-19 ബാധയായി. കഴിഞ്ഞ 18നു ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു രോഗബാധ. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ ഉടൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.

സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 616 പേർ ആശുപത്രികളിലാണ്. 112 പേരെ വെള്ളിയാഴ്ച മാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5679 സാംപിളുകൾ വെള്ളിയാഴ്ച  പരിശോധയ്ക്ക് അയച്ചു. ഇതിൽ 4448 ഫലങ്ങൾ നെഗറ്റീവായി.

ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാതെ നിർവാഹമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതു സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം തയാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രോഗ സാധ്യതയുണ്ടെങ്കിൽ അപ്പോൾത്തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ച് അവിടെനിന്നാണ് സാംപിളുകൾ അയക്കുന്നത്. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരെ ബന്ധപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങൾ പരസ്യമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്റെ യാത്രയുടെ വിശദാംശങ്ങൾ അമ്പരപ്പിക്കുന്നതാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പൊതുപ്രവർത്തകനു യോജിച്ച രീതിയിലല്ല അദ്ദേഹം പെരുമാറിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട ഘട്ടത്തിൽ ഒരു പൊതു പ്രവർത്തകനിൽനിന്ന് ഇങ്ങനെയുള്ള സമീപനമാണോ വേണ്ടത്?. ഇത് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ്. കൊറോണ ഏറെയൊന്നും അകലെയല്ല. ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സ്വയമാണ്. ചില സമരരീതികളും പുനരാലോചിക്കേണ്ടതാണ്.

കൊറോണ ബാധ വന്നപ്പോൾ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രത്യേക രീതിയിലുള്ള സമരരീതികൾ നമ്മൾ കണ്ടിരുന്നു. അകലം പാലിക്കാൻ പറയുമ്പോൾ അടുപ്പിച്ചുനിന്ന് ബലപ്രയോഗ രീതി കണ്ടതാണ്. ഇതൊക്കെ സംസ്കാര സമ്പന്നമായ സമൂഹത്തിന് ചേർന്നതല്ല. എല്ലാവരും ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം.

കാസർകോടുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആശുപത്രി കാര്യങ്ങൾക്ക് ആശ്രയിച്ചത് കർണാടകയെയാണ്. മംഗലാപുരം കാസർകോടിന്റെ വടക്കുഭാഗത്തുള്ളവർക്ക് ഏറ്റവും പെട്ടെന്ന് എത്തിച്ചേരാവുന്ന ഇടമാണ്. ഇപ്പോൾ ആർക്കും അങ്ങോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയാണ്.

കണ്ണൂരിൽ കാസർകോട് ഉള്ളവരെ ഉൾക്കൊള്ളാനുള്ള സൗകര്യമില്ല. ഇത് ഒരു അടിയന്തര സാഹചര്യമായി മാറിയിരിക്കുന്നു. രോഗികളെയും കർണാടക കടത്തിവിടുന്നില്ല. എങ്ങനെ ഇതിനു പരിഹാരം കാണണമെന്ന് ആലോചിക്കുന്നുണ്ട്. കർണാടകയുമായി ഇക്കാര്യം ചർച്ച ചെയ്യാം.

കർണാടകയും കേരളവും അതിർത്തി പങ്കിടുന്നതിനാൽ വിവിധ പ്രദേശങ്ങൾ വഴി യാത്ര ചെയ്യാം. റോഡിൽ മണ്ണിട്ട് കർണാടക ഗതാഗതം തടയുകയാണ്. ഇതു കേന്ദ്ര നിർദേശത്തിന് എതിരാണ്.

കാസർകോട് ജില്ലയിൽനിന്ന് രോഗം സ്ഥിരീകരിച്ചു കൂടുതൽ റിസൽട്ടുകൾ വരുന്നു. ചില അടിയന്തര നടപടികൾ അവിടെ സ്വീകരിക്കണം. അവിടത്തെ മെ‍ഡിക്കല്‍ കോളജിന്റെ കെട്ടിടം പ്രവർത്തന ക്ഷമമാക്കാനുള്ള നീക്കങ്ങൾ തുടങ്ങും. സർക്കാരും ജനങ്ങളും ഈ ഘട്ടത്തിൽ കൂടുതൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

രോഗബാധയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരും മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കഴിഞ്ഞവരും നിർബന്ധമായും നിരീക്ഷണത്തിൽ പോകണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ഇവരെ ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തും. ഇത്തരക്കാരുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ കഴിയണം.

പ്രമേഹം, രക്തസമ്മർദം, അർബുദം, വൃക്കരോഗം എന്നിവ ചികിൽസിക്കുന്നവർ മറ്റുള്ളവരിൽനിന്ന് അകലം പാലിക്കണം. മറ്റുള്ളവർ രോഗവാഹകനോ മറ്റോ ആയാൽ പ്രശ്നമാകും. രോഗം വന്നില്ലെങ്കിലും സംഭാവന ചെയ്യാൻ ഇത്തരക്കാർക്കു സാധിക്കും.

രോഗം കൂടിയ ആളുകളെ ചികിത്സിക്കാൻ കണ്ണൂർ മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയാക്കും. 200 കിടക്കകൾ, 40 ഐസിയു, 15 വെന്റിലേറ്റർ എന്നിവ ഇവിടെ ക്രമീകരിക്കും. കാസർകോട് കേന്ദ്ര സർവകലാശാലയെ കോവിഡിന്റെ പ്രാഥമിക കേന്ദ്രമാക്കി മാറ്റും. ടെസ്റ്റിങ് വിപുലമായി നടത്താനുള്ള സൗകര്യം അവിടെയുണ്ട്.

ക്യൂബയിൽനിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ഉയർന്നു. രോഗപ്രതിരോധത്തിന് എല്ലാ സാധ്യതയും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു കുടിവെള്ളമെത്തിക്കാനും മറ്റും റസിഡൻസ് അസോസിയേഷനുകൾ ശ്രദ്ധിക്കണം.

പണയത്തിലുള്ള സ്വർണലേലമടക്കം എല്ലാ ലേലനടപടികളും നിർത്തിവയ്ക്കണം, കുടിശിക നോട്ടിസ് അയയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളും നിർത്തണം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കാനുള്ള കാലാവധി ദീർഘിപ്പിക്കണം.

Post a Comment

0 Comments