NEWS UPDATE

6/recent/ticker-posts

സർക്കാർ മുന്നിലുണ്ട്‌; എല്ലാവർക്കും സൗജന്യ റേഷൻ, അതിജീവന പാക്കേജുമായി കേരളം

തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായ ഹസ്‌തവുമായി സംസ്ഥാന സര്‍ക്കാര്‍. നീല, വെള്ള കാർഡുകൾ ഉള്ളവർക്ക് എല്ലാം ഈ മാസം 15 കിലോ അരി നൽകാനാണ് തീരുമാനം.[www.malabarflash.com]

ബിപിഎല്ലുകാർക്ക് പ്രതിമാസം 35 കിലോ അരി നൽകുന്നത് തുടരും. ഇവർക്ക് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റുകളും സൗജന്യമായി നൽകുന്നത്‌ പരിഗണനയിലുണ്ട്‌. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാവർക്കും വീട്ടിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള അവശ്യവസ്‌തുക്കളടങ്ങിയ ഭക്ഷ്യകിറ്റ് വീട്ടിലെത്തിച്ച് നൽകും.

നീലയും വെള്ളയും കാർഡുകളുള്ള എല്ലാവർക്കും ഈ മാസം 15 കിലോ സൗജന്യ അരി നൽകുന്നത് വഴി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഈ മാസം സർക്കാരിന്റെ ഭാഗത്ത് നിന്ന് സൗജന്യറേഷൻ ലഭിക്കുകയാണ്.

ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്‌. മാവേലി സ്‌റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക ഈ രണ്ട് സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്‌. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ(റേഷന്‍) സമയക്രമത്തിലും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്.

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ സിവില്‍സപ്ലൈസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഗോഡൗണുകളില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ചരക്കു ട്രെയിനുകള്‍ക്കും വാഹനങ്ങള്‍ക്കും നിരോധനമില്ലാത്തതിനാല്‍ തന്നെ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ക്ഷേമപെന്‍ഷനുകള്‍ നേരത്തെ നല്‍കാനും ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു അതിന് പുറമെയാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള തീരുമാനം.


Read more: https://www.deshabhimani.com/news/kerala//862006

Post a Comment

0 Comments