NEWS UPDATE

6/recent/ticker-posts

ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച ജിഷാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു; ജയയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് സ്വന്തം വീട്ടുകാര്‍; പോലീസ് ആശയക്കുഴപ്പത്തില്‍

കാസര്‍കോട്: പരവനടുക്കം നെച്ചിപ്പടുപ്പ് പുല്ലത്തൊട്ടിയില്‍ വാടകക്വാര്‍ട്ടേഴ്സില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മരിച്ച യുവതിയുടെ വീട്ടുകാരുടെ കടുത്ത നിലപാട് പോലീസിനെ കുഴക്കുന്നു.[www.malabarflash.com] 

ഉദുമ പാക്യാര പൊത്ത്യംകുന്നിലെ ബാലകൃഷ്ണന്‍-മാധവി ദമ്പതികളുടെ മകന്‍ ജിഷാന്ത് (33), കുംബഡാജെ ചെക്കുടലിലെ രാമന്‍-സുമ ദമ്പതികളുടെ മകള്‍ ജയ (24) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

മേല്‍പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്തു. ജിഷാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. 

എന്നാല്‍ ജയയുടെ മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ജിഷാന്തിന്റെ വീട്ടുകാര്‍ അറിയിച്ചതിനാല്‍ യുവതിയുടെ സ്വന്തം വീട്ടുകാരെ പോലീസ് സമീപിച്ചിരുന്നു. എന്നാല്‍ ആദ്യ ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചു പോയതിനാല്‍ യുവതിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സ്വന്തം വീട്ടുകാരും അറിയിച്ചതോടെയാണ് പോലീസ് ഇആശയക്കുഴപ്പത്തിലായത്. 

ജയയുടെ മൃതദേഹം ആരും ഏറ്റെടുത്തില്ലെങ്കില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പോലീസ് തന്നെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നാണ് വിവരം.
മൂന്നു വര്‍ഷം മുമ്പ് വെള്ളിക്കോത്ത് സ്വദേശിയെയാണ് ജയ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ടര വയസുള്ള മകനുണ്ട്. ജയ മാര്‍ക്കറ്റിംഗ് ഫീല്‍ഡില്‍ ജോലിചെയ്തുവരുന്നതിനിടെയാണ് കല്ലുകെട്ട് തൊഴിലാളിയായ ജിഷാന്തുമായി അടുപ്പത്തിലായത്. ഇതോടെ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ജയ ജിഷാന്തിനൊപ്പം വീടുവിടുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു. തുടര്‍ന്ന് ജയയും ജിഷാന്തും വിവാഹിതരാവുകയായിരുന്നു. 

ഇതിനു ശേഷമാണ് മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പരവനടുക്കം നെച്ചിപ്പടുപ്പിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഇരുവരും മൂന്നുമാസം മുമ്പ് താമസം തുടങ്ങിയത്.
ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതിലുള്ള വിഷമമാണ് ജിഷാന്തിനെയും ജയയെയും ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

Post a Comment

0 Comments