NEWS UPDATE

6/recent/ticker-posts

നാലര മാസത്തിനിടെ നാല് ശസ്ത്രക്രിയകൾ; ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ വേണ്ടത് കോടികൾ, സഹായം തേടി ദമ്പതികൾ

ദുബൈ: നാലര മാസത്തിനിടെ നാല് ശസ്ത്രക്രിയകൾ. ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ വേണ്ടത് കോടികൾ. ഇതിന് വഴിയില്ലാതെ കടുത്ത ആശങ്കയിലാണ് ദമ്പതികൾ.[www.malabarflash.com]

ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ മണലൂർ സ്വദേശി റെസിൽ വാസുദേവൻ–ശ്രുതി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് അഥർവ് (നാലര മാസം) ആണ് ഇളം പ്രായത്തിൽ തന്നെ ശരീരം നാല് പ്രാവശ്യം കീറിമുറിക്കാൻ വിധിക്കപ്പെട്ട് ജനിച്ചതു മുതൽ ആശുപത്രിയിൽ കഴിയുന്നത്.

വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു റെസിൽ–ശ്രുതി ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. എന്നാൽ, മാസം തികയും മുൻപേ, കഴിഞ്ഞ ഒക്ടോബറിലായിരുന്നു പ്രസവം. 

ആറാം മാസത്തിൽ പ്രസവിച്ച കുഞ്ഞിനുണ്ടായിരുന്ന ആകെ ഭാരം 660 ഗ്രാം. ഇതിന് ശേഷം തീവ്ര പരിചരണ വിഭാഗത്തിലായരുന്നു കുഞ്ഞ്. അഞ്ച് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ തലച്ചോറിൽ നിന്ന് രക്ത സ്രാവമുണ്ടാകാൻ തുടങ്ങിയതോടെ ആരോഗ്യ സ്ഥിതി വളരെ മോശമായി. എട്ടു ദിവസത്തിന് ശേഷം വയറു വീർക്കാനും തുടങ്ങി. ഇതോടെ അടിയന്തര ശസ്ത്രക്രിയക്കായി ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നിന്ന് ഗവ.ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെയും തീവ്ര പരിചരണ വിഭാഗത്തിലാണ്.

ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട അസുഖമായിരുന്നു കുട്ടിക്ക്. കുടലിൽ ഒന്നിലേറെ ഭാഗത്ത് പൊട്ടലുകളുണ്ടായിരുന്നത് ശസ്ത്രക്രിയ നടത്തി. ദഹനേന്ദ്രിയത്തിന്റെ ഒരു ഭാഗം നിരീക്ഷണത്തിനായി കുഞ്ഞിന്റെ വയറിനു പുറത്തുവച്ചിരിക്കുകയായിരുന്നു. ഇത് ഈ മാസം ശസ്ത്രക്രിയ നടത്തി വീണ്ടും അകത്ത് വച്ചു. തുടർന്ന് അണുബാധ മാറി. 

എന്നാൽ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ അടുത്ത പ്രശ്നം ഉടലെടുത്തു. കണ്ണിന് രോഗം ബാധിച്ചതിനെ തുടർന്ന് നേത്ര സ്കാൻ നടത്തിയപ്പോൾ, റെറ്റിനയിൽ രക്തം കിനിയുന്നത് കണ്ടെത്തി. അതും ശസ്ത്രക്രിയ നടത്തി സുഖപ്പെടുത്തി. ദമ്പതികൾ ആശ്വസിച്ചു തുടങ്ങവെ, രണ്ടാഴ്ച മുൻപ് കുട്ടിക്ക് ഹെർണിയ ബാധിച്ചതോടെ വീണ്ടും പ്രശ്നമായി. തുടർന്ന് നാലാമത്തെ ശസ്ത്രക്രിയ നടത്തേണ്ടിവന്നു.

ഇപ്പോൾ കുഞ്ഞ് അസുഖങ്ങളിൽ നിന്നെല്ലാം മോചിതനായി. രണ്ടാഴ്ചയ്ക്ക് ശേഷം വീട്ടിലേയ്ക്ക് കൊണ്ടുപോകാമെന്ന സ്ഥിതിയിലാണ്. പക്ഷേ, ആശുപത്രി ബില്ല് എല്ലാ കിഴിവുകളും കഴിഞ്ഞ് (മൂന്ന് കോടിയിലേറെ രൂപ) 17.5 ലക്ഷം ദിർഹം അടക്കണം. ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞാണ് ഇത്രയും തുക അടക്കേണ്ടി വരിക. 

ഒരു ദിവസത്തെ ആശുപത്രി ചെലവ് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ (15,000 ദിർഹം) വരും. എന്നാൽ, ഇതിന് വഴിയില്ലാതെ ഉലയുകയാണ്  റെസിലും ശ്രുതിയും. മനസിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരിലാണ് ദമ്പതികളുടെ പ്രതീക്ഷ. റെസിലിനെ ബന്ധപ്പെടേണ്ട നമ്പർ: +971 54 5159343.


ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Name: Resil Vasudevan
Account number: 1015139718001
IBAN: AE460260001015139718001
Bank: Emirates NBD

Post a Comment

0 Comments