മട്ടാഞ്ചേരി: കോവിഡ് -19 രോഗം ബാധിച്ചു മരിച്ച മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിക്കു വിപുലമായ ബന്ധുബലവും സുഹൃദ് വലയവും ഉണ്ടായിരുന്നെങ്കിലും മൃതദേഹം അവസാനമായി ഒരുനോക്കു കാണാൻ ആർക്കുമായില്ല. മട്ടാഞ്ചേരിയിലെ ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തത് ബന്ധുക്കളായ അഞ്ചുപേർ.[www.malabarflash.com]
കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷനിൽ കഴിയുന്ന ഭാര്യ വീഡിയോയിലൂടെ ഭർത്താവിനു വിടചൊല്ലി. ഒരു മകളടക്കം മൂന്നു മക്കളും വീഡിയോയിലൂടെയാണ് ബാപ്പയുടെ നിശ്ചലശരീരം അവസാനമായി കണ്ടത്.
ആറടി മണ്ണിനുപകരം എട്ടടി ആഴത്തിലെ പ്രത്യേക ഖബറിടമായിരുന്നു മട്ടാഞ്ചേരി കച്ചി ഹനഫി മസ്ജിദ് ഖബർസ്ഥാനിൽ ശനിയാഴ്ച ഒരുങ്ങിയത്. ആ ആഴത്തിലേക്ക്, കേരളത്തിലാദ്യമായി കോവിഡ് ബാധിച്ചു മരിച്ച യാക്കൂബ് ഹുസൈൻ സേട്ടിന്റെ ചേതനയറ്റ ദേഹം വൈകീട്ട് 3.40ന് ഐഡിയൽ റിലീഫ് വിങ് പ്രവർത്തകരും നാട്ടുകാരായ ചുരുക്കം യുവാക്കളും ചേർന്ന് പതിയെ വെച്ചു.കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷനിൽ കഴിയുന്ന ഭാര്യ വീഡിയോയിലൂടെ ഭർത്താവിനു വിടചൊല്ലി. ഒരു മകളടക്കം മൂന്നു മക്കളും വീഡിയോയിലൂടെയാണ് ബാപ്പയുടെ നിശ്ചലശരീരം അവസാനമായി കണ്ടത്.
ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും മേൽനോട്ടത്തിലും കർശന സുരക്ഷയിലുമായിരുന്നു ഖബറടക്കം.
കളമശ്ശേരി മെഡിക്കൽ കോളജിൽനിന്ന് 108 ആംബുലൻസിൽ കയറ്റിയതുമുതൽ അധികൃതർതന്നെയാണ് ഏകോപനം നടത്തിയത്.
ശക്തമായ സുരക്ഷ സംവിധാനമായ ട്രിപ്പിൾ ലയർ ബാഗിൽ പൊതിഞ്ഞാണ് മെഡിക്കൽ കോളേജിൽനിന്ന് മൃതശരീരം കൈമാറിയത്.
മതാചാര പ്രകാരമുള്ള ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും അടക്കം ആകെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും കൈയുറകളും മുഖാവരണവും അണിഞ്ഞിരുന്നു. 20 മിനിറ്റിനുള്ളിൽ നടപടിക്രമം തീർത്ത് മൃതദേഹം ഖബറിലേക്ക് ഇറക്കി.
മൃതദേഹത്തിൽ തൊടാനോ ആരെയും േനരിട്ട് കാണാനോ അനുവദിക്കാതെയായിരുന്നു നടപടിക്രമങ്ങൾ. അടുത്ത ബന്ധുക്കൾക്കുപോലും നേരിട്ടുള്ള സന്ദർശനം അനുവദിച്ചില്ല.
സേട്ട് മരിചെന്ന വാർത്ത രാവിലെ 11ഓടെയാണ് ജില്ല ഭരണകൂടവും റവന്യൂ അധികൃതരും പള്ളി അധികൃതരെ അറിയിച്ചത്. ഉച്ചയോടെ ഗഫൂറും സംഘവും ചേർന്ന് ഖബറിടം ഒരുക്കാൻ തുടങ്ങി. എട്ടടി താഴ്ച വേണമെന്ന നിബന്ധന മാനിച്ച് ഡിവിഷൻ കൗൺസിലർ ടി.കെ. അഷറഫ്, കച്ചി മേമൻ ജമാഅത്ത് സെക്രട്ടറി എം.ഇ. നസീർ സേട്ട് എന്നിവർ ഇതിന് നേതൃത്വം നൽകി. തുടർന്ന് തഹസിൽദാർ എ.ജെ. തോമസ് ഖബറിന്റെ ആഴം തിട്ടപ്പെടുത്തി. ഖബർവെട്ടൽ പൂർത്തിയാക്കി മൂന്നരയോടെ ആംബുലൻസിൽ മൃതദേഹം ഖബർസ്ഥാനിലെത്തിച്ചു.
അഹമ്മദ് അനസ് മൗലവിയുടെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കരിച്ചു. പരസ്പരം ഒരുമീറ്റർ അകലം പാലിച്ച് നടത്തിയ നമസ്കാരത്തിൽ യാക്കൂബ് ഹുസൈൻ സേട്ടിന്റെ അടുത്ത ബന്ധുക്കൾ പങ്കെടുത്തു. സന്നദ്ധ സംഘടനയായ ഐഡിയൽ റിലീഫ് വിങ്ങിന്റെ സംസ്ഥാന കൺവീനർ വി.ഐ. ഷമീർ, ജില്ല സെക്രട്ടറി സയ്യിദ്, പി.ആർ.ഒ അമീർ, അബ്ദുല്ലക്കുട്ടി ആലുവ, കബീർ കൊച്ചി എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്കിയത്.
അനീഷ് മട്ടാഞ്ചേരി, നവാബ് സേട്ട്, സിദ്ദീഖ് പാഷ, കെ.എസ്. നൗഷാദ്, നൗഫൽ മട്ടാഞ്ചേരി എന്നിവർ സഹായികളായി. അണുമുക്തമാക്കിയ ശേഷമാണ് എല്ലാവരും പിരിഞ്ഞുപോയത്.
0 Comments