NEWS UPDATE

6/recent/ticker-posts

ച​ന്ദ്ര​നും ഓ​മ​ന​യ്ക്കും സ്വ​പ്ന​ഭ​വ​നം; സ​ന്തോ​ഷ​ത്തി​നു സാ​ക്ഷി​യായി മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: സ്വപ്‌നത്തിലേക്ക്‌ വാതിൽ തുറന്ന്‌ മുഖ്യമന്ത്രി പടികയറുമ്പോൾ ഓമനയും ചന്ദ്രനും കൈകൂപ്പി ആകാശത്തേക്ക്‌ മിഴിനട്ടു. മകൾ രോഹിണിയെ നോക്കി ഇരുവരും ചിരിച്ചു. സന്തോഷത്താൽ അവളുടെ കണ്ണുനിറഞ്ഞു.[www.malabarflash.com]

 പ്രതിസന്ധികളിൽ വഴിപിരിഞ്ഞ മൂന്നു ജീവിതം വെയിലും മഴയുമേൽക്കാത്തൊരു മേൽക്കൂരയ്‌ക്കുകീഴിൽ ഇതാ വീണ്ടും ഒത്തുചേരുന്നു. നാടിന്റെ എല്ലാ നന്മയും ചേർത്തുവച്ച മുഹൂർത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ്‌ പദ്ധതിയിൽ നിർമിച്ച വീട്‌ അവർക്ക്‌ കൈമാറി.

ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയൊരു സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരത്തിന്‌ നാടിനൊപ്പം നായകനും സാക്ഷിയാകാൻ എത്തുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ചന്ദ്രനും ഓമനയും. 

ശനിയാഴ്‌ച അതിരാവിലെമുതൽ കരകുളം പഴയാറ്റിൻകര കാവുവിളയിലെ വീട്ടിലേക്ക്‌ ജനപ്രവാഹമായിരുന്നു. രാവിലെ 8.20ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമെത്തി. പിന്നാലെ മന്ത്രി എ സി മൊയ്‌തീനും സി ദിവാകരൻ എംഎൽഎയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധുവും. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ തയ്യാറെടുത്ത വീട്ടിലെ ഒരുക്കങ്ങളെല്ലാം അവർ നോക്കിക്കണ്ടു. കുടുംബാംഗങ്ങളോടും അയൽക്കാരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

8. 50ന്‌ മുഖ്യമന്ത്രി എത്തി. റോഡിൽനിന്ന്‌ നൂറുമീറ്ററോളം താഴേക്ക്‌ ഇടവഴിയിലൂടെ അദ്ദേഹം നടന്നിറങ്ങുമ്പോൾ നാടിന്റെ ആരവം ഇരമ്പിയാർത്തു. വീട്ടുമുറ്റത്തെത്തിയ മുഖ്യമന്ത്രി കുടുംബത്തിന്റെ സന്തോഷത്തിനു മുന്നിൽ കൈകൂപ്പി പുഞ്ചിരിച്ചു. പിന്നെ അദ്ദേഹംതന്നെ വാതിൽ തുറന്ന്‌ ഉള്ളിലേക്ക്‌ കയറി. 

മുന്നിലെ ചെറിയ ഹാളിൽ ഇരുന്ന പിണറായി വീട്ടുകാരോടും ജനപ്രതിനിധികളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനകം അടുക്കളയിലേക്കെത്തിയ ഓമന പാൽക്കലത്തിന്‌ തീപകർന്നു. പത്ത്‌ മിനിറ്റിനകം വീടിന്റെ നിറവ്‌ തിളച്ചുതൂവി. അപ്പോഴേക്കും അടുക്കളയിലേക്കെത്തിയ മുഖ്യമന്ത്രി ഓമനയുടെ കൈയിലേക്ക്‌ പാൽ പകർന്നുനൽകി. പിന്നെ ചന്ദ്രനും രോഹിണിക്കും. വീട്ടുകാർ കരുതിവച്ച ചെറുപഴം കഴിച്ച്‌ ഒപ്പമുണ്ടായിരുന്നവർക്ക്‌ എടുത്തുനൽകി. കൊണ്ടുവന്ന സമ്മാനം ചന്ദ്രനെ ഏൽപ്പിച്ചു.

9.15 ഓടെ വീട്ടുകാരോട്‌ യാത്രപറഞ്ഞിറങ്ങിയ മുഖ്യമന്ത്രി നാട്ടുകാരുടെ നീണ്ട കരഘോഷത്തിനിടയിലൂടെ ഇടുങ്ങിയ ചെറുവഴി നടന്നുകയറി; ജനക്ഷേമ വികസനത്തിന്റെ വിശാലപാതകളിലേക്ക്‌. ചന്ദ്രനും ഓമനയും രോഹിണിയും അഭിമാനത്തോടെ കാലെടുത്തുവച്ചു സ്വന്തം വീട്ടിലേക്ക്‌.

Post a Comment

0 Comments