NEWS UPDATE

6/recent/ticker-posts

മദ്യം റേഷന്‍ കടകളിലൂടെ നല്‍കണമെന്ന് പറഞ്ഞ യൂത്ത് ലീഗ് നേതാവിനെതിരേ പാര്‍ട്ടി നടപടി

കോഴിക്കോട്: റേഷന്‍ കടകള്‍ വഴി സ്ഥിരംമദ്യപിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി.[www.malabarflash.com] 

സാമൂഹികമാധ്യമങ്ങള്‍ വഴി സംഘടനാവിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ചതിനാണ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറിനെ അന്വേഷണവിധേയമായി തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പാര്‍ട്ടിയുടെ നിലപാടല്ല യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞതെന്നും പാര്‍ട്ടി വിരുദ്ധ നിലപാടിനെ തുടര്‍ന്നാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കംചെയ്തതെന്നും പി.കെ. ഫിറോസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരം മദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്നായിരുന്നു ഗുലാം ഹസന്‍ ആലംഗീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ അപ്പാടെ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷകക്ഷികളുടെ മേല്‍ കെട്ടിവെക്കാനുള്ള കുത്സിതനീക്കമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 

മദ്യപാനികള്‍ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനും അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍നിന്നടക്കം വിമര്‍ശനം ഉയര്‍ന്നതോടെ ഗുലാം ഹസന്‍ പ്രസ്തുത ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. മദ്യത്തെ മഹത്വവല്‍ക്കരിക്കുകയല്ല താന്‍ ചെയ്തതെന്നും പെട്ടെന്ന് മദ്യം നിര്‍ത്തുന്നത് കൊണ്ട് ഉണ്ടാകുന്ന സാമൂഹിക അരാജകത്വത്തെയും അതിലൂടെ പ്രതിപക്ഷത്തിന് മേല്‍ ആ കുറ്റം ചാര്‍ത്തിക്കൊടുക്കാന്‍ കാത്തിരിക്കുന്ന ഭരണപക്ഷത്തെ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പുതിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഗുലാം ഹസന്‍ ആലംഗീറിനെതിരേ നടപടി സ്വീകരിച്ചത്.

Content Highlights: 

Post a Comment

0 Comments