NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ജില്ലാ പോലീസ് ചീഫിന് മാസ്‌ക്ക് വിതരണം ചെയ്ത് മടങ്ങിയ സന്നദ്ധ പ്രവര്‍ത്തകനെ പോലീസ് തല്ലിചതച്ചു

ഉദുമ: ജില്ലാ പോലീസ് ചീഫിന് മാസ്‌ക്ക് വിതരണം ചെയ്ത് മടങ്ങിയ സന്നദ്ധ പ്രവര്‍ത്തകനെ പോലീസ് തല്ലിചതച്ചു. 'ബ്ലഡ് ഡൊണേഷന്‍ ജില്ലാ കമ്മിറ്റി അംഗവും, ജനകീയ ജാഗ്രതാ സമിതി വളണ്ടിയറും കൊറോണ ഹെല്‍പ്പ് ഡസ്‌ക്ക് വളണ്ടിയറുമായ ഉദുമ ബേവൂരിയിലെ അമോഷ് കെ അഭിമന്യൂവിനെ (29)യാണ് പോലീസ് ലാത്തി കൊണ്ട് തല്ലി ചതച്ചത്.[www.malabarflash.com]

പാസ് കാണിച്ചിട്ടും തന്നെ വെറുതെവിട്ടില്ലെന്ന് അമോഷ് പരാതിപ്പെട്ടു.
മാസ്‌കുകള്‍ വിതരണം ചെയ്ത് മടങ്ങി വരുമ്പോള്‍ നാട്ടുകാരായ ചില രോഗികള്‍ മരുന്ന് വാങ്ങാന്‍ ഏല്‍പ്പിച്ചിരുന്നുവെന്ന് അമോഷ് പറഞ്ഞു. മരുന്ന് ആളുകള്‍ക്ക് എത്തിച്ചു കൊടുത്ത് ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെ വീടിന് സമീപം വെച്ചാണ് ആംഡ് പോലീസുകാര്‍ തന്നെ തുരുതുരെ ലാത്തികൊണ്ടടിച്ചതെന്ന് അമോഷ് പറഞ്ഞു. 

അടിച്ചതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ ചോദിച്ചതെന്ന് സി പി എം ബ്രാഞ്ച് അംഗം കൂടിയായ അമോഷ് വെളിപ്പെടുത്തി.

തന്റെ കൈയ്യിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളെല്ലാം കാട്ടിയപ്പോള്‍ ഇതെല്ലാം ഷോയ്ക്ക് വേണ്ടിയല്ലേ എന്നായിരുന്നു പോലീസുകാരുടെ ചോദ്യം. ഉദുമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ബേവൂരിയിലെ കമ്യൂണിറ്റി അടുക്കളയിലെ അംഗം കൂടിയായ തനിക്ക് സന്നദ്ധ പ്രവര്‍ത്തനം ഷോയല്ലെന്ന് ബോധ്യപ്പെടുത്തിയിട്ടും പോലീസ് അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും യുവാവ് പറഞ്ഞു. ഒരു സി ഐയുടെ സാന്നിധ്യത്തിലാണ് ആംഡ് പോലീസുകാര്‍ തല്ലിയത്.

കഴിഞ്ഞ ദിവസം അമ്പലത്തറയിലെ ഒരു രോഗിക്ക് മരുന്ന് എത്തിച്ച് മടങ്ങുകയായിരുന്ന തന്നെ തടഞ്ഞ പോലീസ് മാന്യമായാണ് പെരുമാറിയതെന്നും ശനിയാഴ്ച വിദ്യാനഗറില്‍ വെച്ച് തടഞ്ഞ പോലീസും മാന്യതയോടെയാണ് സംസാരിച്ചതെന്നും അവരെല്ലാം കാര്യം പറഞ്ഞപ്പോള്‍ പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നും അമോഷ് പറഞ്ഞു.

Post a Comment

0 Comments