NEWS UPDATE

6/recent/ticker-posts

അധോലോകനായകന്‍ രവിപൂജാരിക്ക് കാസര്‍കോട്ട് നിരവധി ക്വട്ടേഷന്‍സംഘങ്ങള്‍; പ്രമുഖ രാഷ്ട്രീയനേതാക്കളെയും വ്യവസായികളെയും അക്രമിക്കാന്‍ പദ്ധതിയിട്ടു

കാസര്‍കോട്: അധോലോകനായകന്‍ രവി പൂജാരിക്ക് കാസര്‍കോട്ടും നിരവധി ക്വട്ടേഷന്‍ സംഘങ്ങളുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.[www.malabarflash.com]

കൊച്ചിയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിലാണ് പൂജാരി ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. തന്റെ ‘ഹിറ്റ്ലിസ്റ്റില്‍’ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ഉണ്ടെന്നും പൂജാരി വെളിപ്പെടുത്തി. ഇതു സംബന്ധിച്ച നിര്‍ണായകവിവരങ്ങളാണ് തച്ചങ്കരിക്കും അന്വേഷണ സംഘത്തിനും ലഭിച്ചത്.

ഇയാളെ രണ്ടുദിവസത്തിനകം കേരളത്തിലെത്തിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ബേവിഞ്ച വെടിവെപ്പും കാസര്‍കോട്ടെ ചില കൊലപാതങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളും രവി പൂജാരി ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തിയ സംഭവങ്ങളാണെന്നാണ് വിവരം.

കേരളത്തിലെത്തിച്ച് ചോദ്യം ചെയ്താലെ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. കേരളത്തില്‍ കൃത്യം നടത്താന്‍ കാസര്‍കോട് ഉള്‍പ്പെടെ രവി പൂജാരക്ക് ക്വട്ടേഷന്‍ സംഘങ്ങളുണ്ട്.

കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവപ്പ് തന്റെ ക്വട്ടേഷനാണെന്നും പോലീസിലെ ചിലര്‍ക്ക് താനുമായി അടുത്തബന്ധമുണ്ടെന്നും പൂജാരി വെളിപ്പെടുത്തി.

ലീനയില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് കൊച്ചിയില്‍ ക്വട്ടേഷന്‍ നല്‍കിയത്. നടിയും ബ്യൂട്ടിപാര്‍ലര്‍ ഉടമയുമായ ലീന മരിയ പോളിനെ ഫോണില്‍ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ട ശേഷം അതു ലഭിക്കാതെ വന്നപ്പോള്‍ 2018 ഡിസംബര്‍ 15നാണ് താക്കീതെന്ന നിലയില്‍ വെടിവച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയാണ് ലീന മരിയ പോള്‍.

കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുനടത്തിയ ഹവാല ഇടപാടുകളില്‍ ലീന മരിയ പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്ന ഘട്ടത്തിലാണ് പണം ചോദിച്ചു രവി പൂജാരിയുടെ ഭീഷണിയുണ്ടായത്. ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടക്കുന്നതിന് മുമ്പായിരുന്നു രവി പൂജാരിയുടെ സംഘം വെടിവെച്ചത്.

സംസ്ഥാനത്തെ ഉദ്യോഗസ്ഥ-രാഷ്ട്രീയപ്രമുഖരെ വകവരുത്താനും ലക്ഷ്യമിട്ടിരുന്നു. കേരളത്തില്‍ പൂജാരിയുടെ സംഘത്തിന് ഉന്നതതലത്തില്‍ സഹായം ലഭിച്ചിരുന്നു. ഒട്ടേറെ ബിസിനസ് പ്രമുഖരെ ഭീഷണിപ്പെടുത്തി കോടിക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ട്. ഈ സംഭവങ്ങളില്‍ പരാതിക്കാരില്ലാത്തതു പൂജാരിയ്ക്കു തുണയായി.

കേരളത്തില്‍നിന്നുള്ള ഒരു ഉന്നതന്‍ സുഖവാസത്തിനായി ബാങ്കോക്കിലെത്തിയപ്പോള്‍ പൂജാരിയുടെ സംഘം പിന്തുടര്‍ന്ന് വന്‍തുക തട്ടിയെടുത്തതായി ഇന്റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരുമായും പൂജാരി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്ന് മൊഴി നല്‍കി.

Post a Comment

0 Comments