കൊല്ലം: സാമൂഹികമാധ്യമംവഴി ഗൂഢസംഘത്തിന്റെ കെണിയിൽ അകപ്പെട്ട പത്താംക്ലാസുകാരൻ ‘സാത്താൻ ആരാധന’യെന്നപേരിൽ വിധേയനായത് ജീവൻ പണയംവെച്ചുള്ള പരീക്ഷണങ്ങൾക്ക്. ഒപ്പം 14,000 രൂപയും രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളിലെ വിവരങ്ങളും നഷ്ടമായി.[www.malabarflash.com]
ജീവന് ഭീഷണിയായതോടെ കുട്ടിയും രക്ഷിതാക്കളും കളക്ടർക്ക് പരാതി നൽകി. കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നടത്തിയ കൗൺസലിങ്ങിലാണ് വിവരങ്ങൾ പുറത്തുവന്നത്.
കൊല്ലം നഗരത്തിലെ ഐ.സി.എസ്.ഇ. സ്‌കൂളിലെ പത്താംക്ളാസ് വിദ്യാർഥിയാണ് “ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറ”മെന്ന ഗ്രൂപ്പിൽ അംഗമായത്. പഠനത്തിൽ സമർഥനായ കുട്ടി അച്ഛന്റെ മൊബൈലാണ് ഉപയോഗിച്ചിരുന്നത്. സംഘത്തിൽ അംഗമാകുന്നവർക്ക് മാന്ത്രികശക്തിയും ഒരുകോടി രൂപയുടെ കാറും വീടും മാസം അമ്പതിനായിരം യു.എസ്. ഡോളറുമായിരുന്നു വാഗ്‌ദാനം.
രണ്ടായിരം രൂപ അംഗത്വഫീസ് ഓൺലൈൻവഴി അടച്ചു. മൊബൈൽ നമ്പറും നൽകി. ലൂസിഫറിനെ ആരാധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കുട്ടിക്ക് തുടരെ സന്ദേശങ്ങൾ വന്നു. ഗ്രൂപ്പിൽനിന്ന് പിന്മാറില്ലെന്ന സത്യപ്രതിജ്ഞ വീഡിയോയാക്കി കുട്ടി അയച്ചുകൊടുത്തു. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വീഡിയോകോൾ വഴി കുട്ടിയെ ബന്ധപ്പെട്ടത്.
തുടർന്ന് അർധരാത്രിക്കുശേഷം ഒറ്റപ്പെട്ട സ്ഥലത്ത് നടക്കാൻ ആവശ്യപ്പെട്ടു. ഇത് നിരീക്ഷിക്കാൻ ഗ്രൂപ്പിലെ അംഗമായ അമീൻ എന്നു പരിചയപ്പെടുത്തിയ തിരുവനന്തപുരം സ്വദേശി എത്തി. ആദ്യദിവസം രാത്രിയിൽ പരീക്ഷണത്തിനായി കുട്ടിയുടെ വീടിനടുത്തുള്ള പള്ളിക്കുസമീപം എത്തിയെങ്കിലും നടന്നില്ല.
രണ്ടാമത് പരീക്ഷണം നടത്തിയത് കായലിന് കുറുകെയുള്ള തീവണ്ടിപ്പാലത്തിലൂടെ അർധരാത്രിക്കുശേഷം കുട്ടിയെ നടത്തിയായിരുന്നു. അതിന്റെ വീഡിയോ അമീൻ പകർത്തി. സാത്താന്റെ രൂപം പതിപ്പിച്ച ബുള്ളറ്റിലെത്തിയ ഇയാൾ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
മൂന്നുവിരലുകളിൽ മുറിവുണ്ടാക്കിയുള്ള സത്യപ്രതിജ്ഞയായിരുന്നു അടുത്തത്. രാത്രി ഉറക്കമിളച്ചുചെയ്യേണ്ട പ്രാർഥനകളും അയച്ചുകൊടുത്തു. ആടിന്റെ ചോരകൊണ്ട് ആരാധന നടത്താൻ പറഞ്ഞതുപ്രകാരം സുഹൃത്തുക്കളുടെ സഹായത്തോടെ ആടിനെ അന്വേഷിച്ച് കുട്ടി പലയിടങ്ങളിലും പോയി.
വീട്ടിൽ ലൂസിഫറിന് ആരാധനാലയം പണിയണമെന്നും അതിൽ വെക്കേണ്ട രൂപങ്ങൾക്കായി അമ്പതിനായിരം രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.
വിദേശത്ത് ഇന്റേൺഷിപ്പിനുവേണ്ടിയാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് കുട്ടി ഇതിനിടെ പാസ്‌പോർട്ട് എടുത്തു. ഇന്റേൺഷിപ്പിന് അവസരം ലഭിച്ചെന്ന വ്യാജരേഖ കുട്ടിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് കൊല്ലത്തും കൊച്ചിയിലുമുള്ള ഗ്രൂപ്പംഗങ്ങളെ സംഘടിപ്പിച്ച് പ്രാർഥന നടത്തണമെന്നും നിർദേശം വ ന്നു.
കുട്ടി നിരന്തരം രാത്രി വീടുവിട്ടു പുറത്തുപോകുന്നതും സ്വഭാവമാറ്റവും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. ഇതോടെ ഫോൺ നൽകാതെയായി. എന്നാൽ, വീട്ടുകാർ അറിയാതെ കുട്ടി പുതിയ മൊബൈൽ വാങ്ങി ഗ്രൂപ്പിൽ വീണ്ടും സജീവമായി.
വീട്ടുകാർ അറിയാതെ സ്വർണമെടുത്ത് പണയംവെച്ച് രണ്ടുതവണ 12,000 രൂപ അജ്ഞാതസംഘത്തിന്റെ അക്കൗണ്ട് നമ്പറിൽ അയച്ചുകൊടുത്തു. രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളടക്കം കൈമാറുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ കുട്ടി ഗ്രൂപ്പിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. ഇതോടെ വധഭീഷണിയുണ്ടായി. തുടർന്നാണ് പരാതി ജില്ലാ കളക്ടറുടെ മുന്നിലെത്തിയത്.
കുട്ടിയെ വിളിച്ചിരുന്ന നമ്പറുകൾ ഇപ്പോൾ സ്വിച്ച് ഓഫാണ്. ജില്ലാ ശിശുസംരക്ഷണ ഓഫീസർ പ്രസന്നകുമാരി ലഭ്യമായ എല്ലാ വിവരങ്ങളും കൊല്ലം സിറ്റി പോലീസ് കമ്മിഷണർക്കും കുട്ടിയുടെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിനും കൈമാറിയിട്ടുണ്ട്.
1 Comments
Unbelievable , it's a series issue
ReplyDeleteBe aware of your children.