NEWS UPDATE

6/recent/ticker-posts

അഷ്‌റഫ് താമരശ്ശേരിയുടെ ഇടപെടലുകള്‍ ഫലം കണ്ടു; മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനം വഴി നാട്ടിലേക്ക്

ദുബൈ: കുടുംബത്തെ പോററാന്‍ പ്രവാസ ജീവിതം നയിക്കുന്നതിനിടയില്‍ മരണമടഞ്ഞ് ദിവസങ്ങളായി മോര്‍ച്ചറികളില്‍ മരവിച്ച് കിടന്ന മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ കഴിയുമോ എന്ന് ആശങ്കയോടെ കണ്ണീരോടെ കാത്തുനിന്ന ബന്ധുക്കള്‍ക്ക് കേന്ദ്ര പ്രവാസി സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരിയുടെ ഇടപെടലിലൂടെ ഒടുവില്‍ ആശ്വാസം.[www.malabarflash.com]

യു.എ.ഇയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് അയക്കുന്ന നടപടികള്‍ ഞായറാഴ്ച ആരംഭിച്ചു.

കൊവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്കാണ് ഞായറാഴ്ച വൈകിട്ട് ഇന്ത്യയിലേക്ക് ആദ്യമായി മൃതദേഹങ്ങള്‍ വഹിച്ചുള്ള ഒരു വിമാനം പറന്നത്. ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.

യാത്രാവിമാനങ്ങള്‍ക്ക് ഏപ്രില്‍ 14 വരെ വിലക്കുള്ളത് കൊണ്ട് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് അഷ്‌റഫ് താമരശ്ശേരിയുടെ ജാഗ്രതയും ഇടപെടലുമാണ് ഇതിന് അവസരമൊരുക്കിയത്.

കാര്‍ഗോ വിമാനം ഏര്‍പ്പാടാക്കുന്ന ചരക്ക് ഇറക്കുമതികയറ്റുമതി കമ്പനിയുടെ സമ്മതം ഉണ്ടെങ്കിലേ ഇപ്പോഴത്തെ അവസ്ഥയില്‍ നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകാനാകൂ എന്നതും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലോക്ഡൗണ്‍ സാഹചര്യവും തടസമായപ്പോഴാണ് കാര്‍ഗോ വിമാനങ്ങള്‍ വഴി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രവാസി ബിസിനസുകാരുടെ സഹകരണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തത്.

ഇത് ശ്രദ്ധയില്‍ പെട്ട തലശ്ശേരിയിലെ കെ.വി എക്‌സ്‌പോര്‍ട്ടിന്റെ റഫീഖ് മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടു വരികയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായവും ഉറപ്പു വരുത്തുകയായിരുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

കഴിഞ്ഞ പതിനേഴിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ നിര്യാതനായ കൊല്ലം പള്ളിത്തോട്ടത്തിലെ സ്റ്റീഫന്‍ (50), 19 നു ദുബൈയില്‍ മരിച്ച ആന്റണി ജെയ്‌സണ്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ നാട്ടില്‍ എത്തിച്ചത്. 

അഷ്‌റഫ് താമരശശ്ശേരിക്ക് പുറമെ നടപടികള്‍ക്ക് റിയാസ് കൂത്തുപറമ്പ്, നൗഫല്‍ പട്ടാമ്പി തുടങ്ങിയവരും നേതൃത്വം നല്‍കി.

ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ തന്നെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്ന നടപടി ക്രമങ്ങള്‍ ദുബൈയില്‍ ലളിതമാക്കിയിരുന്നു. ബന്ധപ്പെട്ട പോലിസ് റിപ്പോര്‍ട്ട് മാത്രം വാങ്ങി മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കിയും ആവശ്യമായ വകുപ്പ് നടപടികള്‍ സംസ്‌കരണത്തിനു ശേഷം ചെയ്താല്‍ മതിയാകുന്ന വിധം ലഘൂകരിച്ചും അധികൃതര്‍ കൂടെ നിന്നു. പക്ഷെ, അപ്പോഴും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വഴികാണാതെ ബുദ്ധിമുട്ടുകയായിരുന്നു ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും.

അതിനിടയിലാണ് പുതിയ സാഹചര്യം തെളിഞ്ഞുവന്നതെന്നും ധാരാളം പേര്‍ സഹകരണം ഇപ്പോള്‍ വാഗ്ദാനം ചെയ്ത് മുന്നോട്ടുവരുന്നുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.

Post a Comment

0 Comments