NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ടേക്ക് പ്രത്യേക മെഡിക്കല്‍ സംഘം, 10 ഡോക്ടര്‍മാരടങ്ങുന്ന 25 അംഗങ്ങള്‍, മെഡിക്കല്‍ കോളജ് തിങ്കളാഴ്ച തുറക്കും

കാസര്‍കോട്: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘം തിങ്കളാഴ്ച എത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 25 അംഗ മെഡിക്കല്‍ സംഘമാണ് കാസര്‍കോട് എത്തുക.[www.malabarflash.com]

കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലായിരിക്കും പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പകുതിയിലേറെ കേസുകള്‍ കാസര്‍കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക മെഡിക്കല്‍ സംഘം എത്തുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് ജില്ലയില്‍ എത്തുക. പത്ത് ഡോക്ടര്‍മാര്‍, പത്ത് നേഴ്‌സ്, അഞ്ച് നേഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരാണ് സംഘത്തിലുണ്ടാവുക. കോവിഡ് പരിശോധനാഫലം രണ്ടരമണിക്കൂര്‍ കൊണ്ട് അറിയാവുന്ന റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 

രണ്ടാഴ്ചക്കാലം ഈ സംഘം കാസര്‍കോട് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കിയ പ്രത്യേക കോവിഡ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും തീവ്ര പരിചരണ വിഭാഗവുമാണ് മെഡിക്കല്‍ കോളേജില്‍ സജ്ജമാവുന്നത്. കോവിഡ് ആശുപത്രി പൂര്‍ണസജ്ജമാവുന്നതോടെ ഇവിടെ 300 രോഗികളെ ചികിത്സിക്കാനാവും. നാലു നിലയുള്ള കെട്ടിടത്തില്‍ ഒന്നാമത്തെ നിലയിലെ വാര്‍ഡുകളില്‍ കട്ടിലുകളും തീവ്ര പരിചരണ വിഭാഗം യൂണിറ്റിലേക്കുള്ള ഉപകരണങ്ങളും സജ്ജീകരിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. 

ഐസലേഷന്‍ വാര്‍ഡുകളും തീവ്ര പരിചരണ വിഭാഗങ്ങളുമാണ് മെഡിക്കല്‍ കോളജില്‍ ഒരുക്കുന്നത്. ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുമാണ് പ്രധാനമായും കോവിഡ് സെന്ററുകളായി പ്രവര്‍ത്തിക്കുന്നത്.

കാസര്‍കോട് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് തിങ്കളാഴ്ച തുറക്കുമെന്ന് കലക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. 200 കിടക്കകളും 90 കട്ടിലും തീവ്രപരിചരണവിഭാഗത്തിലേക്കുള്ള 12 കട്ടിലുകളും എത്തിക്കഴിഞ്ഞു. ആശുപത്രി ഉപകരണങ്ങള്‍, കിടക്കകള്‍, ഫര്‍ണിച്ചര്‍, മരുന്നുകള്‍ എന്നിവയ്ക്കായി ഏഴ് കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. കേരള കേന്ദ്രസര്‍വ്വകലാശാല ലാബില്‍ സാംപിള്‍ പരിശോധന ആരംഭിച്ചതോടെ പരിശോധന ഫലം കാലതാമസമില്ലാതെ ലഭിക്കുമെന്നത് ജില്ലയ്ക്ക് ആശ്വാസമാണ്.

Post a Comment

0 Comments