NEWS UPDATE

6/recent/ticker-posts

യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകം; ഭാര്യയും കാമുകനും പിടിയില്‍

തിരുപ്പതി: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സിദ്ദാവരം പഞ്ചായത്തിലെ ബാലസുബ്രഹ്മണ്യത്തിന്റെ(35) മരണമാണ് പോലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയത്.[www.malabarflash.com]

സംഭവത്തില്‍ ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യ രേണുക, കാമുകനും പ്രാദേശിക രാഷ്ട്രീയ നേതാവുമായ നാഗിറെഡ്ഡി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മരുന്ന് വാങ്ങാന്‍ പോയ ബാലസുബ്രഹ്മണ്യം ലോറിയിടിച്ച് മരിച്ചത്. അപകട മരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഇദ്ദേഹത്തിന്റെ സഹോദരന്‍ മരണത്തില്‍ സംശയം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്.

11 വര്‍ഷം മുമ്പ് വിവാഹിതരായ ബാലസുബ്രഹ്മണ്യം-രേണുക ദമ്പതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്. നേരത്തെ നാട്ടില്‍ ബുക്ക് സ്റ്റാള്‍ നടത്തിയിരുന്ന ബാലസുബ്രഹ്മണ്യം രണ്ട് വര്‍ഷം മുമ്പ് തിരുപ്പതിയില്‍ ട്രാവല്‍ ഏജന്‍സി ആരംഭിച്ചിരുന്നു. ഇതോടെ ഭാര്യയെയും കുട്ടികളെയും നാട്ടിലാക്കി അദ്ദേഹം തിരുപ്പതിയിലേക്ക് താമസം മാറ്റി. ഈ കാലയളവിലാണ് രേണുക പ്രാദേശിക രാഷ്ട്രീയ നേതാവായ നാഗിറെഡ്ഡിയുമായി അടുപ്പത്തിലായത്. 

പിന്നീട് രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന രേണുക ഇയാളോടൊപ്പം സജീവ പ്രവര്‍ത്തകയായിരുന്നു. പക്ഷേ, അടുത്തിടെ തിരുപ്പതിയിലെ ട്രാവല്‍ ഏജന്‍സി ഉപേക്ഷിച്ച് ബാലസുബ്രഹ്മണ്യം നാട്ടിലെത്തിയതോടെ ഇവരുടെ രഹസ്യബന്ധം പ്രതിസന്ധിയിലായി.

ഭര്‍ത്താവ് നാട്ടിലെത്തിയതോടെ കാമുകനെ കാണാനുള്ള അവസരങ്ങള്‍ കുറഞ്ഞു. ഇടയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തനത്തിനെന്ന പേരിലാണ് രേണുക കാമുകനെ കാണാന്‍ പോയിരുന്നത്. ഇക്കാര്യം ഭര്‍ത്താവ് അറിയുകയും ബന്ധത്തില്‍നിന്ന് വിലക്കുകയും ചെയ്തു. പക്ഷേ, ഭര്‍ത്താവ് പറഞ്ഞിട്ടും രേണുക നാഗിറെഡ്ഡിയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറിയില്ല.

തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ രേണുകയും നാഗിറെഡ്ഡിയും തീരുമാനിച്ചത്. അവസരം കിട്ടുമ്പോള്‍ ബാലസുബ്രഹ്മണ്യത്തെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. കഴിഞ്ഞ ശനിയാഴ്ച ലോക്ക്ഡൗണിനിടെ ബാലസുബ്രഹ്മണ്യം മരുന്ന് വാങ്ങാനായി പുറത്തുപോയിരുന്നു. ഇക്കാര്യം രേണുക അപ്പോള്‍ തന്നെ നാഗിറെഡ്ഡിയെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് നാഗിറെഡ്ഡിയാണ് ബാലസുബ്രഹ്മണ്യത്തിന്റെ ബൈക്കില്‍ ലോറിയിടിപ്പിച്ച് കൃത്യം നടത്തിയത്.

രേണുകയുടെയും നാഗിറെഡ്ഡിയുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതോടെ ഇവര്‍ തമ്മിലുള്ള ബന്ധം പോലീസിന് മനസിലായിരുന്നു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. കൃത്യം നടത്താന്‍ ഉപയോഗിച്ച ലോറിയും പോലീസ് പിടിച്ചെടുത്തു.

Post a Comment

0 Comments