തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 21 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.[www.malabarflash.com].
8 പേർ കാസർകോട്, 5 പേർ ഇടുക്കി, 2 പേർ കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം. ഇതുവരെ 286 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. അതിൽ 256 പേർ ചികിത്സയിലുണ്ട്. 165934 പേർ നിരീക്ഷണത്തിലാണ്. 165291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ രോഗബാധയുണ്ടായ 200 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഏഴു പേർ വിദേശികളാണ്. രോഗികളുമായി സമ്പർക്കം മൂലം 76 പേർക്ക് രോഗം ബാധിച്ചു. രണ്ടു പേർ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. 28 പേർക്ക് രോഗം ഭേദമായി. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഓരോ ആളുകൾക്ക് രോഗം മാറിതായി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വിഡിയോ കോൺഫറൻസ് നടത്തിയതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി വെളിപ്പെടുത്തി. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ലോകത്താകെ വ്യാപിച്ചു കിടക്കുന്നവരാണു മലയാളികൾ. അവരുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
വിദേശത്ത് ക്വാറന്‍റീൻ ഇന്ത്യൻ എംബസികളുടെ കീഴിൽ ഒരുക്കണം. നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനാന്തര ചരക്കുനീക്കം തടയാതിരിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പക്ഷപാത നിലപാടുകൾ ഇല്ലാതെ രാജ്യം ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കണം. ലോക്ഡൗൺ പിൻവലിക്കുമ്പോൾ അതിഥി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്കു പോകുന്നതിന് സൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ടെസ്റ്റിങ് സംവിധാനങ്ങൾക്ക് അനുമതി നൽകണം.
കേരളത്തിൽ റാപിഡ് ടെസ്റ്റ് നടത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ചിലത് ഇവിടെ നടപ്പാക്കിയതാണ്. നമ്മുടെ സംസ്ഥാനത്തു നല്ല രീതിയിൽ സന്നദ്ധ പ്രവർത്തരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച എൻസിസി, എൻഎസ്എസ് വോളണ്ടിയർമാർക്കു കൂടി ഇതിന്റെ ഭാഗമാകാം. കോവിഡ് ആശുപത്രികൾ തുടങ്ങാൻ വലിയ തുക ആവശ്യമാണ്. ഇതു ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്ന് അനുവദിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 Comments