NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 7 പേര്‍ക്ക് സമ്പര്‍ക്കം വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.[www.malabarflash.com]

കണ്ണൂരില്‍ ഏഴുപേര്‍ക്കും കാസര്‍കോട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഏഴുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 

ശനിയാഴ്ച 19 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും പാലക്കാട്ട് നാലുപേര്‍ക്കും തിരുവനന്തപുരത്ത് മൂന്നുപേര്‍ക്കും ഇടുക്കിയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂരില്‍ ഒരാള്‍ക്കുമാണ് ഫലം നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 228 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,23,490 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,22,676 പേര്‍ വീടുകളിലാണുള്ളത്. 814 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നു. 201 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14,163 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 12,818 സാമ്പിളുകള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈസ്റ്റര്‍ അതിജീവനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്. ലോകം കോവിഡ് 19 എന്ന പീഡാനുനഭവത്തിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റര്‍ നമുക്ക് പകരുന്നത്. വൈഷമ്യത്തിന്റെതായ ഘട്ടമാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നെന്ന നല്ല വാര്‍ത്തയും മുഖ്യമന്ത്രി പങ്കുവെച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ഇന്നുച്ചയോടെ കുഞ്ഞ് ജനിച്ചത്. കഴിഞ്ഞദിവസമാണ് കാസര്‍കോട് സ്വദേശിയായ യുവതി രോഗമുക്തി നേടിയത്. കുഞ്ഞിന്റെ മാതാപിതാക്കളെയും അവരെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Post a Comment

0 Comments