NEWS UPDATE

6/recent/ticker-posts

ഓറഞ്ച് സോണുകളിൽ എ, ബി തരംതിരിവില്ല; 3 ജില്ലകളിൽ വെള്ളിയാഴ്ച മുതൽ ഇളവുകൾ

തിരുവനന്തപുരം: ഹോട്സ്പോട്ടുകളിലെ ഓറഞ്ച് എ, ബി തരംതിരിവ് ഒഴിവാക്കി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി. ഇനി മുതൽ ഗ്രീൻ, ഓറഞ്ച്, റെഡ് എന്നീ സോണുകളാകും ഉണ്ടാവുകയെന്ന് ഉത്തരവിൽ പറയുന്നു. [www.malabarflash.com]

പത്തു ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ റെഡ് സോണിൽ തുടരും. പത്തനംതിട്ട, എറണാകുളം, കൊല്ലം, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവയാണ് ഓറഞ്ച് സോണിൽ.

നേരത്തെ പോസിറ്റീവ് കേസുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ പെടുത്തി ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ പുതിയ കേസുകള്‍ വന്നതിനാല്‍ ഈ ജില്ലകളെ ഗ്രീന്‍ സോണില്‍നിന്ന് മാറ്റി ഓറഞ്ചില്‍ ഉള്‍പ്പെടുത്തുകയാണെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ ആകെ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ബന്ധപ്പെട്ട വാര്‍ഡുകളും കോര്‍പ്പറേഷനുകളില്‍ ബന്ധപ്പെട്ട ഡിവിഷനുകളും മാത്രം അടച്ചിടുകയുമാണ് ചെയ്യുക. ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്സ്പോട്ട് പരിധിയില്‍ വരിക എന്നത് അതതു ജില്ലാ ഭരണസംവിധാനം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

ലോക്ഡൗണിനിടയിലെ ഭാഗിക ഇളവുകള്‍ വെള്ളിയാഴ്ച മുതല്‍ എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കൂടി നടപ്പാക്കും. ഈ ജില്ലകളിലെ ഹോട്സ്പോട്ടുകളില്‍ ഇളവുകളുണ്ടാവില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് ഇപ്പോള്‍ ഇളവുകളുള്ളത്. ആ പട്ടികയിലേക്ക് നേരത്തെ ഓറഞ്ച് എ സോണില്‍പെട്ട എറണാകുളം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കൂടി ചേരുകയാണ്.

ഹോട്ടലുകളില്‍ നിന്ന് രാത്രി 8 വരെ ഭക്ഷണം പാഴ്സൽ നല്‍കാം. 50 ശതമാനം ജീവനക്കാരുമായി തോട്ടങ്ങളിലും സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ്, കൃഷി, മല്‍സ്യബന്ധനം, കെട്ടിടനിര്‍മാണം എന്നിവയ്ക്കും അനുമതിയുണ്ട്. ആരാധനാലയങ്ങളിലും ആഘോഷങ്ങളിലുമെല്ലാമുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. എന്നാല്‍ തമിഴ്നാട് അതിര്‍ത്തിയില്‍ രോഗവ്യാപനം വര്‍ധിച്ചതോടെ കൊല്ലം അതീവജാഗ്രതയിലാണ്.
>

നിലമേല്‍, കുളത്തൂപ്പുഴ, തൃക്കരുവ പഞ്ചായത്തുകളും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് വാർഡും ഹോട്സ്പോട്ടാണ്. തെന്‍മല, ആര്യങ്കാവ് പഞ്ചായത്തില്‍ നിരോധനാജ്ഞയും തുടരുന്നു. പത്തനംതിട്ടയില്‍ നഗരവും അടൂര്‍ മുനിസിപ്പാലിറ്റിയും അയിരൂര്‍, ചിറ്റാര്‍ വടശേരിക്കര, ആറന്‍മുള്ള പഞ്ചായത്തുകളും എറണാകുളത്ത് കൊച്ചി നഗരത്തിലെ ചുള്ളിക്കല്‍, കതൃക്കടവ് വാര്‍ഡുകളും ഹോട്സ്പോട്ടാണ്.

Post a Comment

0 Comments