NEWS UPDATE

6/recent/ticker-posts

രണ്ട് മാസത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ പ്രിയതമനെ അവള്‍ക്കിനി കാണാനാകില്ല; ഷബ്‌നാസിന്റെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും

ജിദ്ദ: അവസാന നോക്ക് കാണാന്‍ പ്രിയമതയ്ക്കാവില്ല, കൊവിഡ്19 ബാധിച്ച് സൗദിയില്‍ മരിച്ച കണ്ണൂര്‍ പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. സൗദിയില്‍ തന്നെ ഖബറടക്കും.[www.malabarflash.com]

കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെയും ഷഹനാസിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം രണ്ട് മാസം ഒരുമിച്ച് ജീവിച്ച് ഷബ്‌നാസ് ജോലിക്കായി സൗദിയിലേക്ക് മടങ്ങി. ഇത് ഇനിയൊരിക്കലും മടക്കമില്ലാത്തയാത്രയാകുമെന്ന് അവര്‍ കരുതിയിരിക്കില്ല.

വലിയ ലക്ഷണങ്ങളൊന്നുമില്ലാതെയെത്തിയ കൊവിഡ് 19 ഷബ്‌നാസിന്റെ ജീവനെടുത്തു. മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വച്ചാണ് ഷബ്‌നാസ് കഴിഞ്ഞ ദിവസം മരിച്ചത്. നാട്ടിലേക്ക് മൃതദേഹം എത്തിക്കാനാകില്ല എന്നതിനാല്‍ സൗദിയില്‍ തന്നെ ഖബറടക്കാന്‍ ഭാര്യ ഷഹനാസ് സമ്മതം നല്‍കുകയായിരുന്നു.

പനി ഉണ്ടായിരുന്നെങ്കിലും തുടക്കത്തില്‍ ചികിത്സ തേടാഞ്ഞതാണ് രോഗം മൂര്‍ഛിക്കാന്‍ കാരണമായത്. കൂടെയുള്ളവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കൊവിഡ് ബാധയാണെന്ന സംശയം ഉണ്ടായിരുന്നില്ല എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. 

എട്ടുമാസം മുമ്പ് കല്യാണം ഉറപ്പിച്ചുവച്ചതായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തി ഷഹനാസിനെ ഷബ്‌നാസ് ജീവത സഖിയാക്കി. രണ്ടുമാസം ഒപ്പം താമസിച്ച് മാര്‍ച്ച് 10ന് ജോലിക്ക് തിരികെപ്പോയി. കെ.എഫ്‌സിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു സൗദിയില്‍ താമസം.

ഇടയ്ക്ക് പനിവന്നു. ജലദോഷപ്പനി ആണെന്ന് കരുതി ആശുപത്രിയില്‍ പോകാതെ ചില ടാബ്ലറ്റുകള്‍ കഴിച്ചു. നാല് ദിവസം കഴിഞ്ഞ് രോഗം മൂര്‍ഛിച്ചതോടെയാണ് മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സതേടിയത്. 

ദുബൈയിലുള്ള സഹോദരനോട് മാത്രമായിരുന്നു ഷബ്‌നാസ് രോഗവിവരങ്ങള്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്ന് വാട്‌സാപ്പ് വഴി ഓഡിയോ അയച്ചു കൊടുക്കുമായിരുന്നു. ഈ ഓഡിയോകള്‍ നാട്ടിലെ കുടുംബത്തിന് സഹോദരന്‍ അയച്ചുകൊടുത്തിരുന്നു. രോഗത്തെക്കുറിച്ച് ഇത് മാത്രമാണ് ഓട്ടോ ഡ്രൈവറായ പിതാവ് മമ്മുവിന് അറിവുള്ളത്.

കൊവിഡ് സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിനകം ഷബ്‌നാസ് മരിച്ചു. ഷബ്‌നാസ് ഗള്‍ഫില്‍ പോയതിന് ശേഷമാണ് കുടുംബം സാമ്പത്തികമായി കരകയറിയത്.

അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ അനന്തരകര്‍മങ്ങള്‍ സര്‍വ ആദരവോടെയാണ് പൂര്‍ത്തിയാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു. മൃതദേഹത്തില്‍ നിന്ന് വൈറസ് വ്യാപനം സംഭവിക്കാത്ത രീതിയിലാണ് കുളിപ്പിക്കലും ഖബറടക്കലും. ശരീര സ്രവങ്ങള്‍ നീക്കുന്നതിന് പ്രത്യേക പരിശീലന നേടിയ വിദഗ്ധരാണ് മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നത്. 

വൈറസ് ബാധിക്കാതിരിക്കാനുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും മതചിട്ടകളും പാലിച്ചാണ് കുളിപ്പിക്കലും ഖബറടക്കലും. ശരീര സ്രവങ്ങളെല്ലാം ശരിയായ രീതിയില്‍ കഴുകികളയും. വൈറസ് വ്യാപനത്തിന് ഇടവരുത്താത്ത രീതിയിലാണ് കഫന്‍ ചെയ്യല്‍. ശേഷമാണ് ഖബറടക്കലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments