NEWS UPDATE

6/recent/ticker-posts

ഉദുമ ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 സാമ്പിള്‍ ശേഖരണ കേന്ദ്രം ഒരുങ്ങുന്നു

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 സാമ്പിള്‍ ശേഖരണ കേന്ദ്രം ഒരുങ്ങുന്നു. മാങ്ങാട് സംഗമം ഓഡിറ്റോറിയത്തിലാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതിനായി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. പരിശീലനം ലഭിച്ച ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കൂടാതെ വളണ്ടിയേഴ്‌സ്‌നെയും നിയമിച്ചു. ഞായറാഴ്ചയോടെ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും.[www.malabarflash.com] 

കോവിഡ് 19 ബാധിച്ചതായി സംശയമുള്ളവരുടെ സാമ്പിളുകള്‍ ഇവിടെ നിന്നും ശേഖരിച്ച് വൈറോളജി ലാബുകളിലെക്ക് അയക്കും. ഉദുമ ഗ്രാമപഞ്ചായത്തില്‍ 440 പേരാണ് കോവിഡ് 19 ബാധ സംശയത്താല്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നത്. അവരുടെ സാമ്പിളുകള്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ പരിശോധനക്കായി അയക്കുക. 

ആദ്യ ദിവസങ്ങളില്‍ 10 മുതല്‍ 20 സാമ്പിളുകള്‍ ആയിരിക്കും ശേഖരിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയക്കും. 

ഉദുമ ഗ്രാമപഞ്ചായത്തില്‍ ഇതുവരെയായി 12 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ആറു പേരുടെ ഫലം ഇതിനകംതന്നെ നെഗറ്റീവായി കഴിഞ്ഞു. നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി, ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ്, പെരിയ പിഎച്ച്എസി എന്നിവിടങ്ങളില്‍ എത്തിയാണ് സാമ്പിള്‍ പരിശോധനക്കായി നല്‍കുന്നത്. ഇവിടെ സാമ്പിള്‍ പരിശോധനയ്ക്കായി നല്‍കുന്നവര്‍ ഒരു ദിവസം അവിടെ താമസിക്കേണ്ടതുണ്ട്. 

എന്നാല്‍ മാങ്ങാട് സംഗമം ഓഡിറ്റോറിയത്തില്‍ തുടങ്ങുന്ന കേന്ദ്രത്തില്‍ രോഗബാധ സംശയമുള്ളവര്‍ക്ക് സാമ്പിളുകള്‍ നല്‍കി വീട്ടിലേക്ക് പോകാവുന്നതാണ്. കേന്ദ്രത്തിലേക്ക് നിലവില്‍ ആരോഗ്യവകുപ്പില്‍ നിന്നാണ് സാധനസാമഗ്രികള്‍ എത്തിയിട്ടുള്ളത് . വരുംദിവസങ്ങളില്‍ സെല്‍ഫ് ടെസ്റ്റിംഗ് കിറ്റുകള്‍ എത്തിക്കാനും ആലോചിക്കുന്നുണ്ട്. ജില്ലാപഞ്ചായത്തും ഉദുമ ഗ്രാമപഞ്ചായത്തും ഇതിനായി തുക വകയിരുത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. 

ഉദുമയിലെ കോവിഡ് 19 സംശയം ഉള്ളവരുടെ വീടുകളില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകരെത്തി ഇതിനകം തന്നെബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. കൂടാതെ മറ്റു സ്ഥലങ്ങളില്‍ നിന്നും എത്തിയ വരുടെയും വിവരങ്ങള്‍ ശേഖരിച്ച് അവബോധം നല്‍കിയിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments