NEWS UPDATE

6/recent/ticker-posts

അമേരിക്കയില്‍ കടുവക്ക് കൊവിഡ്; കാഴ്ചബംഗ്ലാവുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയിലെ ബ്രോന്‍ക്‌സ് കാഴ്ചബംഗ്ലാവിലെ കടുവക്ക് കൊവിഡ് വൈറസ് ബാധിച്ചതായി കണ്ടെത്തിയതിനു പിന്നാലെ, രാജ്യത്തെ മുഴുവന്‍ കാഴ്ചബംഗ്ലാവുകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ച് ഇന്ത്യ.[www.malabarflash.com]

മൃഗങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള അസ്വാസ്ഥ്യങ്ങള്‍ കാണിക്കുന്നുണ്ടോയെന്ന് കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്നാണ് കാഴ്ചബംഗ്ലാവുകളുടെ ഉന്നത സമിതിയായ സെന്‍ട്രല്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യ (സി ഇസഡ് എ ഐ)യുടെ നിര്‍ദേശം. അസുഖം സംശയിക്കുന്ന മൃഗങ്ങളുടെ സ്രവങ്ങള്‍ ശേഖരിച്ച് കൊവിഡ് പരിശോധനക്കായി മൃഗാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയക്കാനും ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ 160 കാഴ്ചബംഗ്ലാവുകളിലായി 56,800 മൃഗങ്ങളെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. 

മാര്‍ച്ച് 25 മുതല്‍ ദേശീയ തലത്തില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് നിലവില്‍ ഇന്ത്യയിലെ കാഴ്ചബംഗ്ലാവുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ആവശ്യമായ സുരക്ഷാ ഉപാധികള്‍ സ്വീകരിക്കാതെ മൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് കാഴ്ചബംഗ്ലാവിലെ പരിപാലകര്‍ക്ക് സി ഇസഡ് എ ഐ നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രോന്‍ക്‌സ് കാഴ്ചബംഗ്ലാവിലെ നാലു വയസ്സുള്ള നദിയ എന്ന മലയന്‍ പെണ്‍പുലിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് 19 ബാധിക്കുന്ന യു എസിലെ ആദ്യ മൃഗമാണ് ഈ കടുവ, ലോകത്തെ ആദ്യ മൃഗവും. 

കാഴ്ചബംഗ്ലാവിലെ ഒരു ജീവനക്കാരനില്‍ നിന്നാണ് നദിയക്ക് രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. ഇവിടുത്തെ ആറ് കടുവകളും സിംഹങ്ങളും കൂടി അസുഖബാധിതരായിട്ടുണ്ട്. എന്നാല്‍, ഇവയുടെ പരിശോധനാ ഫലം പുറത്തുവിട്ടിട്ടില്ല.

Post a Comment

0 Comments