കാസറകോട്: ലോക്ഡൗണ്‍ മൂലം മംഗലാപുരത്തെയും കണ്ണൂരിലെയും ആശുപത്രികളില്‍ ഡയാലിസിസിന് പോകാന്‍ കഴിയാത്തവര്‍ക്ക് ജില്ലയിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യം ഒരുക്കി.[www.malabarflash.com]
കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഡയാലിസിസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ ആശുപത്രികളില്‍ നിലവിലുള്ള രണ്ട് ഷിഫ്റ്റിന് പുറമേ, ഒരു അധിക ഷിഫ്റ്റും കൂടി ഉള്‍പ്പെടുത്തിയാണ് സൗകര്യം ഏര്‍പ്പെടാക്കിയത്.
ഈ അധിക ഷിഫ്റ്റിലായിരിക്കും പുതിയവര്‍ക്ക് അവസരം നല്‍കുക. ഒരു ഷിഫ്റ്റിൽ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എട്ടുപേര്‍ക്ക് വീതവും തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ അഞ്ചുപേര്‍ക്കുമാണ് അവസരം.
ഈ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റിലെ നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമേ സാങ്കേതിക പരിജ്ഞാനമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. ഡയാലിസിസ് ആവശ്യമുള്ളവര്‍ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി ജില്ലാ മെഡിക്കല്‍(ആരോഗ്യം) ഓഫീസിലെ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം
0 Comments