NEWS UPDATE

6/recent/ticker-posts

മരുന്നും ജോലിയും ഇല്ല; പ്രതിസന്ധിയുടെ കയത്തിൽ പ്രവാസികൾ; നാട്ടിലെത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: കൊവിഡ് കാലത്ത് ഗൾഫ് നാടുകളിലെ പ്രവാസി മലയാളികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി. മുറികളിൽ കൂട്ടമായി താമസിക്കുന്നതും മരുന്നുകൾ കിട്ടാത്തതും മൂലം കടുത്ത ഭീതിയാണ് ഇവർ നേരിടുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലേക്ക് വിളിച്ചവർ തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കുകയും കേരള സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.[www.malabarflash.com]

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ ഡോ ഇരുദയരാജൻ, കെവി അബ്ദുൾ ഖാദർ എംഎൽഎ, ഷാർജ ഇന്ത്യൻ അസോസിയേഷന്റെ വൈഎ റഹീം, പ്രവാസികൾക്കിടയിൽ കൊവിഡ് ബാധിതർക്ക് ഇടയിൽ പ്രവർത്തിച്ച് രോഗം ബാധിച്ച നസീർ വാടാനപ്പള്ളിയുമാണ് ചർച്ചയിൽ പങ്കെടുത്തത്.

ഡയബറ്റിക്, കൊളസ്ട്രോൾ, ആർത്രൈറ്റിസ് തുടങ്ങിയ വിവിധ രോഗങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന മരുന്നുകൾ ഗൾഫിൽ ലഭിക്കില്ല. ഈ സാഹചര്യത്തിൽ ഈ മരുന്നുകൾക്ക് പകരം ഉപയോഗിക്കാവുന്നവ പ്രത്യേക അറിയിപ്പായി സംഘടനകൾ വഴി പ്രചരിപ്പിച്ചെങ്കിലും എല്ലാവർക്കും മരുന്നുകൾ കിട്ടാത്ത സ്ഥിതിയാണ്. ഇതോടെ ഇന്ത്യയിൽ നിന്ന് മരുന്നുകൾ എത്തിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു.

കുവൈത്തിലെ മലയാളികളിൽ പലർക്കും അവരുടെ അസുഖത്തിന് പറ്റിയ മരുന്നുകൾ പലതും കിട്ടുന്നില്ലെന്ന് കാര്യം പ്രധാനപ്പെട്ട വിഷയമാണെന്ന് കെവി അബ്ദുൾ ഖാദർ പറഞ്ഞു. നമ്മൾ ഉപയോഗിക്കുന്ന മരുന്ന് മറ്റ് രാജ്യങ്ങൾ അനുവദിക്കുന്നില്ല. അക്കാര്യത്തിൽ ഉയർന്ന തലത്തിലുള്ള ഇടപെടൽ ആവശ്യമാണ്. ഇക്കാര്യം തീർച്ചയായും നോർക്കയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ചർച്ചയിൽ പങ്കെടുത്ത കെവി അബ്ദുൾ ഖാദർ എംഎൽഎ പറഞ്ഞു.

കൊവിഡ് കാലം സാമ്പത്തിക പ്രതിസന്ധിയേക്കാൾ വലിയ പ്രതിസന്ധി ഗൾഫ് മലയാളികൾക്ക് ഉണ്ടാക്കിയേക്കുമെന്ന് ഡോ ഇരുദയരാജൻ പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് ഗൾഫിലുള്ളത്. അവരിൽ തന്നെ നല്ലൊരു ശതമാനം മലയാളികളാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരെയും നാട്ടിലെത്തിക്കുക പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. അതിന് നയതന്ത്ര തലത്തിൽ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുഎഇ സർക്കാർ എല്ലാവിധ സർക്കാരും നൽകുന്നുണ്ട്. എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്ന് നസീർ വാടാനപ്പള്ളി ആവശ്യപ്പെട്ടു. ഗർഭിണികളും പ്രായമായവരും കുട്ടികളും യുഎഇയിൽ ഉണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ ഇടപെടണം. ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കുന്നവരെ കേരളത്തിലെത്തിക്കണം. അത് വലിയ ആശ്വാസമാണ്. നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഒരുക്കണമെന്നും നസീർ ആവശ്യപ്പെട്ടു.

സർക്കാർ വിശാല അടിസ്ഥാനത്തിൽ ഇത്തരം നടപടികൾ സ്വീകരിച്ചതായി കെവി അബ്ദുൾ ഖാദർ എംഎൽഎ പറഞ്ഞു. സംസ്ഥാനത്തെ ഓരോ നഗരത്തിലും ജില്ലാ ഭരണകൂടങ്ങൾ വിദേശത്ത് നിന്ന് വരുന്നവരെ പാർപ്പിക്കാനുള്ള ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും സർക്കാർ ഗസ്റ്റ് ഹൗസുകളും കണ്ടുവച്ചിട്ടുണ്ട്. അടിയന്തിര പ്രാധാന്യമുള്ളവരെ മുൻഗണനാ ക്രമത്തിൽ നാട്ടിലെത്തിക്കും. ലോക്ക് ഡൗണിന് ശേഷം ഇതിനുള്ള ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് പ്രവാസികൾ തൊഴിലാളികൾ ജോലിയില്ലാതെ റൂമിൽ കഴിയുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത ജിതിൻ പറഞ്ഞു. വിദേശത്ത് ലക്ഷക്കണക്കിന് ഇന്ത്യാക്കാരുണ്ട്. പലതലത്തിൽ ആവശ്യപ്പെട്ടിട്ടും ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ നടത്തുന്നില്ല. രാജ്യം അതിന് വേണ്ടി ഇടപെടുന്നില്ല.

പ്രവാസി മലയാളികൾ ഭയത്തോടെയാണ് കഴിയുന്നതെന്ന് കെഎംസിസി ദുബായ് ഘടകം വൈസ് പ്രസിഡന്റ് ഒകെ ഇബ്രാഹിം പറഞ്ഞു. അതുകൊണ്ടാണ് കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments