NEWS UPDATE

6/recent/ticker-posts

ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ കടന്ന് മൊയ്തുവും ഷറഫുദ്ദീനും, ജീവന്‍രക്ഷാ മരുന്നുകളുമായി കുതിക്കുകയാണ്

കാസര്‍കോട്: രണ്ട് പ്രളയകാലത്ത് കാസര്‍കോടിന്റെ മനുഷ്യസ്‌നേഹം ആവോളം കണ്‍കുളിര്‍ക്കെ കണ്ടവരാണ് മലയാളികള്‍. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രളയം താണ്ഡവമാടിയപ്പോള്‍ കാസര്‍കോടുകാര്‍ക്ക് അടങ്ങിയിരിക്കാനായില്ല.[www.malabarflash.com]

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തപ്പോഴും കരുണവറ്റാത്ത ഈമനസുകള്‍ക്ക് അടങ്ങിയിരിക്കാനായില്ല. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന്റെ നെട്ടോട്ടത്തിലാണ് അവര്‍. 

കഴിഞ്ഞ ദിവസം ചാലിങ്കാല്‍ രവീന്ദ്രന്‍ എന്നാളുടെ ഭാര്യക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു കൊടുത്തത് മൊയ്തു ചെര്‍ക്കളയും, ഷറഫുദ്ദീന്‍ കുണിയയുമായിരുന്നു. മരുന്ന് വാങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവരുടെ ജാതിയോ മതമോ നോക്കാതെയാണ് ഇവരുടെ സന്നദ്ധ പ്രവര്‍ത്തനം. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയും ചെയ്യണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 

ഒരിടത്തുനിന്ന് ലഭിക്കാത്ത മരുന്നുകള്‍ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ കയറിയിറങ്ങിയാണ് ശേഖരണം നടക്കുന്നത്. ചിലപ്പോള്‍ മംഗളൂരുവില്‍ നിന്ന് വരെ മരുന്നെത്തിക്കേണ്ടിയും വരും. രണ്ടുദിവസം കൊണ്ടാണ് ഇവര്‍ രവീന്ദ്രന് ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചു കൈമാറിയത്. 

മനുഷ്യര്‍ക്ക് മാത്രമല്ല മിണ്ടാപ്രാണികള്‍ക്കും ഇവര്‍ ഉപകാരം ചെയ്യുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് മനുഷ്യര്‍ക്ക് മാത്രമല്ല വിഷമിക്കുന്നത് എന്ന തിരിച്ചറിയലിലൂടെ പക്ഷികള്‍ക്കും, വളര്‍ത്തു മത്സ്യങ്ങള്‍ക്കും, കാട, കോഴികള്‍ എന്നിവര്‍ക്കുളള തീറ്റകളും ഇവര്‍ അടങ്ങുന്ന ടീം എത്തിച്ച് നല്‍കി സാമൂഹ്യപ്രവര്‍ത്തനത്തില്‍ മാതൃകയായി മാറുന്നു. എസ്.കെ.എസ്.എസ്.എഫ് വിഖായ ജില്ലാ ചെയര്‍മാനാണ് മൊയ്തു. ഷറഫുദ്ദീന്‍ ജില്ലാ വൈസ് പ്രസിഡന്റും.

Post a Comment

0 Comments