NEWS UPDATE

6/recent/ticker-posts

72 മണിക്കൂറിനുള്ളില്‍ അത്യാധുനിക സൗകര്യങ്ങളോടെ കോവിഡ് ചികിത്സയ്ക്ക് 3000 കിടക്കകളുളള ആശുപത്രി ഒരുക്കി ഖത്തര്‍

ദോഹ: മാനസിക ആരോഗ്യവും സുഖവിശ്രമവും ഉറപ്പാക്കി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 3,000 കിടക്കകളുള്ള കോവിഡ്-19 ഫീല്‍ഡ് ക്വാറന്റൈന്‍ ആശുപത്രി ഉംസലാലില്‍ പൂര്‍ത്തിയാക്കിയത് 72 മണിക്കൂറിനുള്ളില്‍.[www.malabarflash.com]

8,500 കിടക്കകള്‍ കൂടി സജ്ജമാക്കുന്നതോടെ 12,500 കിടക്കകളുമായി ഉംസലാല്‍ മെഡിക്കല്‍ ക്വാറന്റീന്‍ സമുച്ചയം പൂര്‍ണസജ്ജമാകും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പാണ് താല്‍ക്കാലിക ഫീല്‍ഡ് ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്.

ക്വാറന്റീനില്‍ കഴിയുന്ന മുഴുവന്‍ പേരുടേയും മാനസിക, ശാരീരിക ആരോഗ്യം ഉറപ്പാക്കി കൊണ്ടുള്ള സൗകര്യങ്ങളാണുള്ളത്. ഭയാശങ്കകളും മാനസിക സമ്മര്‍ദവുമില്ലാതെ സുഖവിശ്രമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ലക്ഷ്യം. 

വൈഫൈ, ഐ പാഡുകള്‍, ഒരേ സമയം 600 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കായിക, വിനോദ സൗകര്യങ്ങള്‍, സുരക്ഷിത അകലം പാലിച്ചു കൊണ്ട് ഒരേ സമയം 900 പേര്‍ക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഊണു മുറി എന്നിവയെല്ലാമാണ് ഫീല്‍ഡ് ക്വാറന്റീന്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍.

പ്രവാസിയായാലും സ്വദേശിയായാലും ഖത്തര്‍ ഐഡി, ഹെല്‍ത് കാര്‍ഡ്, വീസ എന്നിവ ഇല്ലെങ്കിലും പരിചരണവും താമസവും ഭക്ഷണവുമെല്ലാം പൂര്‍ണമായും സൗജന്യമാണ്. മികച്ച പരിചരണം. മികച്ച ഭക്ഷണം. സുഖ വിശ്രമം. പക്ഷേ, ക്വാറന്റീന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണമെന്ന് മാത്രം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പരമാവധി രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ ഏതെങ്കിലും ഒരു ശിക്ഷാനടപടി അനുഭവിക്കേണ്ടി വരും. ക്വാറന്റീനില്‍ കഴിയുന്നതിനിടെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാല്‍ പ്രത്യേക ഐസലേഷനിലേക്ക് മാറ്റും. ചികിത്സയും സൗജന്യം. രാജ്യത്തെ മുഴുവന്‍ ജനങ്ങളും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ 16000 എന്ന കോവിഡ്-19 ഹോട്‌ലൈനില്‍ അറിയിക്കാം.

Post a Comment

0 Comments