NEWS UPDATE

6/recent/ticker-posts

ലോക്‌ഡൗൺ മെയ് 3 വരെ നീട്ടി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മെയ് 3 വരെ നീട്ടി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് കർശനമായ നടപടികൾ ആവശ്യമാണ്. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. നിയന്ത്രണങ്ങൾ കർശനമായി തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.[www.malabarflash.com]

രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച മുതൽ ഒരാഴ്ച രാജ്യത്താകെ കർശന നിയന്ത്രണം നടപ്പാക്കും. നിയന്ത്രണങ്ങൾ എത്ര കർശനമായി നടപ്പാക്കുന്നുവെന്ന് ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും. സ്ഥിതി മോശമായാൽ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കും.

ഇന്ത്യയിൽ കോവിഡിനെതിരായ ഇതുവരെയുള്ള യുദ്ധം വിജയകരമാണ്. പ്രശ്നം സങ്കീർണമാകാൻ രാജ്യം കാത്തുനിന്നില്ല. അടിയന്തരമായി കർശനമായ തീരുമാനങ്ങളെടുത്തു. കർശന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കാലതാമസം വന്നിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നുവെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല.
കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. യാത്രാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കി. എല്ലാവരുടെയും സഹകരണത്താൽ കോവിഡിനെ ഒരു പരിധിവരെ തടയാൻ രാജ്യത്തിനായി. നിങ്ങൾക്ക് ബുദ്ധിമുട്ടികൾ ഉണ്ടായെന്ന് അറിയാം. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു.

കോവിഡ് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നോക്കേണ്ടതുണ്ട്. പുതിയ ഹോട്ട്സ്പോട്ടുകൾ ഉണ്ടാക്കാതെ നോക്കണം. മറ്റു രാജ്യങ്ങൾ നേരിട്ട പ്രയാസങ്ങളും നടപടികളും നമ്മൾ കണ്ടു. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെക്കാൾ മെച്ചമാണ്. ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി കോവിഡിനെതിരായ പോരാട്ടം നയിക്കുന്നവരെ ബഹുമാനിക്കണം.

ഇരുനൂറിലേറ ലാബുകളിൽ കോവിഡ് പരിശോധന നടക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഒരു ലക്ഷം കിടക്കകളും 600 ആശുപത്രികളും സജ്ജമാണ്. ഈ സൗകര്യങ്ങൾ വീണ്ടും വിപുലപ്പെടുത്തും.
ഇളവുകളെക്കുറിച്ചുള്ള പുതിയ മാർഗരേഖ നാളെ പുറത്തിറക്കും. സാധാരണക്കാരുടെയും ദിവസവേതനക്കാരുടെയും ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് പുതിയ മാർഗരേഖ തയാറാക്കുന്നത്.

കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കും. കാർഷിക മേളയ്ക്ക് ഇളവ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാർച്ച് 25ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്‌ഡൗൺ തിങ്കളാഴ്ച  അവസാനിക്കേണ്ടതായിരുന്നു.

Post a Comment

0 Comments