NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് 25 വയസുള്ള യുവാവിന്

കണ്ണൂർ: ജില്ലയിൽ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത് കൂത്തുപറമ്പ് മൂര്യാട് സ്വദേശിക്ക്. ദുബൈയിൽ നിന്ന് വന്ന ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.[www.malabarflash.com]

അതിനിടെ ആറ് പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. മൂന്ന് ദിവസത്തിന് ശേഷമാണ് കണ്ണൂർ ജില്ലയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിക്കുന്നത്. 

മൂര്യാട് സ്വദേശിയായ 25കാരന്റെ സഹോദരനിൽ നിന്നാണ് രോഗം ബാധിച്ചത്. ഇരുവരും ദുബൈയിൽ നിന്ന് നാട്ടിലെത്തിയവരാണ്. ഇദ്ദേഹം  മാർച്ച് 20നും സഹോദരൻ മാർച്ച് 17 നും നാട്ടിലെത്തി. ഇയാളുടെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. സഹോദരന് രോഗമുണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 117 ആയി. അതിനിടെ, ജില്ലയിൽ ആറ് പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 13 കാരൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നടുവിൽ സ്വദേശിയായ 35കാരൻ, അദ്ദേഹത്തിന്റെ 60കാരനായ അച്ഛൻ, 59കാരിയായ അമ്മ, ജില്ലാ ആശുപത്രിയിൽ നിന്ന് കുന്നോത്തുപറമ്പ് സ്വദേശി 27കാരൻ, പാപ്പിനിശ്ശേരി സ്വദേശി 36കാരൻ എന്നിവരാണ് ഡിസ്ചാർജ് ആയത്.ഇതോടെ ജില്ലയിൽ കോവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 81 ആയി. 36 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ജില്ലയിൽ നിലവിൽ 2543 പേർ നിരീക്ഷണത്തിലുണ്ട്. 241 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ 23 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൂത്തുപറമ്പ്, പയ്യന്നൂർ, പാനൂർ മുനിസിപ്പാലിറ്റികളും പാട്യം, മാടായി, നടുവിൽ, പെരളശേരി, കോട്ടയം മലബാർ, ചിറ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, പാപ്പിനിശേരി, മാട്ടൂൽ, മാങ്ങാട്ടിടം, ഏഴോം, ന്യൂമാഹി, പന്ന്യന്നൂർ, കൂടാളി, മുഴപ്പിലങ്ങാട്, മൊകേരി, ചെങ്ങളായി, കണിച്ചാർ, കതിരൂർ, കോളയാട് എന്നീ പഞ്ചായത്തുകളുമാണ് ഹോട്ട് സ്‌പോട്ടുകൾ.

Post a Comment

0 Comments