NEWS UPDATE

6/recent/ticker-posts

പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ചത് അബുദാബിയില്‍നിന്നെത്തിയ 69കാരിക്ക്

പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് അബുദാബിയില്‍നിന്നും മേയ് ഏഴിന് തിരിച്ചെത്തിയ 69 വയസുകാരിക്ക്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.[www.malabarflash.com]

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാലുപേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഏഴുപേരും ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ 11 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ ആണ്. ഇന്ന് പുതിയതായി അഞ്ചുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

രോഗബാധ പൂര്‍ണ്ണമായും ഭേദമായ 17 പേര്‍ ഉള്‍പ്പെടെ ആകെ 191 പേരെ ഇതുവരെ ആശുപത്രി ഐസലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ച് പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1,088 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 98 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ചൊവ്വാഴ്ച എത്തിയ 162 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ ഒമ്പതുപേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 1,191 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 51 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 149 ടീമുകള്‍ ചൊവ്വാഴ്ച 19414 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ പത്തുപേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 16903 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 43 കോളുകളും ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 119 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്പോണ്‍സ് സിസ്റ്റത്തില്‍ ചൊവ്വാഴ്ച 20 കോളുകള്‍ ലഭിച്ചു.

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റെസ്പോണ്‍സ് സിസ്റ്റത്തില്‍ 13 കോളുകള്‍ ലഭിച്ചു. ഇവയില്‍ 8 കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും 5 കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയും ആയിരുന്നു. 104 പേര്‍ ഇന്ന് തിരിച്ചുപോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ചൊവ്വാഴ്ച 409 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സലിങ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments