കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ റമസാൻ മുപ്പത് പൂർത്തിയാക്കി ഈദുൽ ഫിത്വർ ഞായറാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.[www.malabarflash.com]
അതേ സമയം ഗൾഫിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമസാൻ 30 പൂര്‍ത്തീകരിച്ച് ഞായറാഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍.
ഒമാനില്‍ ശനിയാഴ്ച മാസപ്പിറവി ദൃശമാവുകയാണെങ്കില്‍ ഞായറാഴ്ച്ചയും അല്ലെങ്കില്‍ തിങ്കളാഴ്ച്ചയുമാകും പെരുന്നാള്‍.
മാസപ്പിറവി കാണാത്തതിനാല്‍ ഞായറാഴ്ചയായിരിക്കും സൗദി അറേബ്യയില്‍ ഈദുല്‍ ഫിത്വറെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം പള്ളികള്‍ അടച്ചിരിക്കുന്നതിനാല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഈ വര്‍ഷത്തെ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍വച്ച് നടത്താനും അധികൃതര്‍ ആവശ്യപ്പെട്ടു.
സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികാരികള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സൗദിക്കു പിന്നാലെ ഖത്തര്‍ മതകാര്യ മന്ത്രാലയവും ഞായറാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് അറിയിച്ചിട്ടുണ്ട്.
0 Comments