NEWS UPDATE

6/recent/ticker-posts

കോവിഡിൽ ചൈനയെ മറികടന്ന്​ ഇന്ത്യ

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ കൊറോണ വൈറസിന്റെ ഉദ്ഭവ കേന്ദ്രമായ ചൈനയെ മറികടന്ന് ഇന്ത്യ. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 85,000 കടന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തി.[www.malabarflash.com]

ഇത് വരെ 85,546 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2746 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ മരണനിരക്ക് കുറവാണ് 3.2 ശതമാനം. 5.5 ശതമാനമാണ് ചൈനയിലെ മരണനിരക്ക്.

മഹാരാഷ്ട്രയിൽ 1,576 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 29,100 രോഗികള്‍. 24 മണിക്കൂറിനിടെ 49 മരണം. ആകെ മരണം 1068. മുംബൈയിൽ മാത്രം 933 കേസുകളും 34 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 പിന്നിട്ടു. 434 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 10,108 ആയി. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 71 ആയി.

കോവിഡ് ഹോട്സ്പോട്ടുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോക്ഡൗൺ നീട്ടി. മുംബൈ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഈമാസം 31വരെ അടഞ്ഞുകിടക്കും. മുംബൈയ്ക്ക് പുറമെ രോഗവ്യാപനം കൂടിയ പുണെ, ഔറംഗാബാദ്, സോലാപൂര്‍, സാംഗ്ലി ജില്ലകളിലാണ് ലോക്ഡൗണ്‍ നീട്ടയത്. 

കൊറോണ മുക്തമെന്നു പ്രഖ്യാപിച്ച ഗോവയിലും മണിപ്പുരിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. പുതുതായി 69 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1056 ആയി; മരണം 36.

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 20 പേർ ദുബൈയിൽ നിന്നും മംഗളൂരുവിൽ മടങ്ങിയെത്തിയവരും, 11 പേർ ബെംഗളൂരു ശിവാജി നഗറിലെ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവരുമാണ്. 16 പേർ മുംബൈയിൽ നിന്ന് മടങ്ങി എത്തിയവരാണ്. 

ബെംഗളൂരു നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 202 ആയി. ഒരാഴ്ചയായി കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടാകുന്നത്. അതേസമയം മൈസൂരു കോവിഡ് മുക്തമായി. ചികിത്സയിലിരുന്ന 88 പേരും സുഖപ്പെട്ടു.


Post a Comment

0 Comments