NEWS UPDATE

6/recent/ticker-posts

മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കുമ്പള ബംബ്രാണ സ്വദേശി കെ.എസ്. ഖാലിദ് അന്തരിച്ചു

മുംബൈ: കടുത്ത പനി ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയ കുമ്പള ബംബ്രാണ സ്വദേശിയെ മുംബൈയിലെ വിവിധ ആശുപത്രികളില്‍ നിന്ന് തിരിച്ചയച്ചു. ഒടുവില്‍ സെന്റ് ജോര്‍ജ്ജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായെങ്കിലും ചികിത്സക്കിടെ മരിച്ചു.[www.malabarflash.com]

മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകനും ബോംബൈ-കേരള മുസ്ലിം ജമാഅത്ത് മാനേജിംഗ് കമ്മിറ്റി അംഗവുമായ കെ.എസ്. ഖാലിദ്(54) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച ഖാലിദിനെ വെള്ളിയാഴ്ച  അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും ഏഴോളം ആശുപത്രികളില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നു. മലയാളികളെ തല്‍ക്കാലം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണത്രെ ഖാലിദിനെ ഏഴ് ആശുപത്രികളും തിരിച്ചയച്ചത്.

ഒടുവില്‍ രാത്രിയോടെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഖാലിദിന്റെ മരണം സംഭവിക്കുകയായിരുന്നു.

മുംബൈയില്‍ റസ്റ്റ് ഹൗസ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഖാലിദ് ബംബ്രാണ എല്ലാവര്‍ക്കും സുപരിചിതനാണ്. ആരുമായും എളുപ്പം ഇടപഴകുന്ന ഇദ്ദേഹം മുംബൈയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കുന്നതിലും വലിയ തല്‍പ്പരനായിരുന്നു.

ബോംബൈ-കാസര്‍കോട് ജമാഅത്തിന്റെയും ബംബ്രാണ ജമാഅത്തിന്റെയും നേതൃസ്ഥാനത്ത് സജീവമായിരുന്നു. ഐ.എന്‍.എല്ലില്‍ സജീവമായിരുന്നു.

ബംബ്രാണയിലെ ഷേഖാലിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: ഷമീമ. മക്കള്‍: സവാദ്, സഹദ്. സഹോദരങ്ങള്‍: അബ്ദുല്ല, ഫഹദ്, ഫൈറൂസ്, നബീസ, താഹിറ, സുഹ്‌റ, അസ്മ, ഹാജറ, ഷാഹിദ, സുബൈദ.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് മുംബൈ-കേരള മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ട് ടി.എ. ഖാലിദ് ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ മുംബൈയിലെ ആശുപത്രികള്‍ തിരിച്ചയക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ചാലാട് സ്വദേശിയായ 39 കാരനായ സച്ചിന്‍ എന്ന യുവാവും ശനിയാഴ്ച വെളുപ്പിന് നേവി മുംബൈയില്‍ മരണപ്പെട്ട സംഭവം ഉണ്ടായി എന്നും ടി.എ. ഖാലിദ് പറഞ്ഞു.

Post a Comment

0 Comments