തിരുവനന്തപുരം: കെഎസ്ഇബി കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം മെയ് 4 മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകീട്ട 4 വരെയാണ്.[www.malabarflash.com]
കൗണ്ടറുകള്‍ പുനരാരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള തിക്കും തിരക്കും ഒഴിവാക്കാനായി കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്കു മെയ് 4നു പണമടയ്ക്കാം. 1ല്‍ അവസാനിക്കുന്നവര്‍ക്കു മെയ് 5നും 2ല്‍ അവസാനിക്കുന്നവര്‍ക്കു മെയ് 6നും 3നു മെയ് 7നും 4നു മെയ് 8നും 5നു മെയ് 11നും കൗണ്ടറില്‍ പണമടക്കാം. 6ല്‍ അവസാനിക്കുന്നവര്‍ക്കു മെയ് 12നും 7നു മെയ് 13നും 8നു മെയ് 14നും 9ല്‍ കണ്‍സ്യൂമര്‍ നമ്പര്‍ അവസാനിക്കുന്നവര്‍ക്കു മെയ് 15നും കൗണ്ടറില്‍ പണമടക്കാം.
ഉപഭോക്താക്കള്‍ക്കു മേല്‍ നിശ്ചയിച്ച തിയ്യതികളില്‍ പണമടക്കാന്‍ സാധിക്കാത്ത പക്ഷം 0,1, 2, 3, 4 അക്കങ്ങളില്‍ അവസാനിക്കുന്ന കണ്‍സ്യൂമര്‍ നമ്പര്‍ ഉള്ളവര്‍ക്ക് മെയ് 9നും(രണ്ടാം ശനിയാഴ്ച), 5, 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ളവര്‍ക്ക് മെയ് 16നും(മൂന്നാം ശനിയാഴ്ച) അവസരം ഉണ്ടായിരിക്കും.
ഉപഭോക്താക്കള്‍ക്ക് മെയ് 16വരെ പിഴയോ പലിശയോ കൂടാതെ മേല്‍ പറഞ്ഞിരിക്കുന്ന ക്രമീകരണങ്ങള്‍ അനുസരിച്ച് വൈദ്യുതി ബില്‍ തുക അടക്കാം.
ഒരു ഉപഭോക്താവിന് ഒന്നില്‍ കൂടുതല്‍ കണക്ഷനുകളുള്ള പക്ഷം അവയില്‍ ഏതെങ്കിലുമൊരു കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കം വരുന്ന ദിവസം തിരഞ്ഞെടുക്കാം. ഒന്നില്‍ കൂടുതല്‍ ബില്ലുകള്‍ ഒരുമിച്ച് അടക്കാന്‍ വരുന്ന റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ലയങ്ങള്‍, നാട്ടുകൂട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ക്ക് മെയ് 9നും 16നും ഒരുമിച്ച് തുക അടയ്ക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം തുടരുന്നതാണ്. ഏപ്രില്‍ പ്രതിമാസം 1500 രൂപയില്‍ കൂടുതല്‍ തുക വരുന്ന വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വൈദ്യുതി ചാര്‍ജ് അടക്കുന്നവര്‍ക്കു ഏപ്രില്‍ 20 മുതല്‍ മൂന്നു മാസത്തേക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. മെയ് 4നും 16നുമിടയില്‍ ആദ്യമായി ഓണ്‍ലൈന്‍ ആയി പണമടക്കുന്ന ഉപഭോക്താവിന്, ഒരു ബില്ലിന് 5ശതമാനം (പരമാവധി 100 രൂപ) ഇളവ് നല്‍കാനും ഇത് അടുത്ത ബില്ലില്‍ കുറവ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
0 Comments