NEWS UPDATE

6/recent/ticker-posts

മദീനയിൽ മലയാളി യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയതറിഞ്ഞ ഭാര്യയും കുഞ്ഞും ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

ദമാം: സൗദിയില്‍ മലയാളി യുവാവ് അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ, രോഗം ഗുരതമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ വിവരമറിഞ്ഞ ഭാര്യയെയും കുഞ്ഞിനേയും ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com] 

മദീന വിമാനത്താവളത്തത്തില്‍ സ്വകാര്യ കമ്പനിക്ക് കീഴില്‍ ടെക്നീഷ്യനായി ജോലിചെയ്തുവരികയായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യയെയും കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മദീനയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ബിജു. ബിജുവിനെ കുറിച്ച് നാല് ദിവസമായി വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് സഹോദരി വിളിച്ച് സുഹൃത്തുകളോട് അന്വേഷിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോഴാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടതായി അറിയുന്നത്. ഈ വിവരം ബിജുവിന്റെ കുടുംബത്തെയും അറിയിച്ചു.

ബിജുവിന്റെ മാതാവും മണിപ്പൂരി സ്വദേശിയായ ഭാര്യയും കുഞ്ഞുമാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. മാതാവ് വീടിന് പുറത്ത് നില്‍ക്കുന്നത് കണ്ട അയല്‍ക്കാര്‍ വിവരം അന്വേഷിച്ചപ്പോള്‍ മരുമകളും കുഞ്ഞും ബാത്‌റൂമില്‍ കയറി വാതില്‍ അടച്ചിരിക്കുകയാണെന്നും തുറക്കുന്നില്ലെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് അവശനിലയിലായ ബിജുവിന്റെ അമ്മയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ നടപടികള്‍ക്കായി പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി മദീനയിലെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Post a Comment

0 Comments