NEWS UPDATE

6/recent/ticker-posts

രാജ്യം തുറക്കുമ്പോള്‍ കരുതലോടെ മുന്നോട്ടു പോകണം: മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

സാമ്പത്തിക മേഖലയില്‍ ഉണര്‍വ് ദൃശ്യമായിട്ടുണ്ടെന്ന് പ്രധാന മന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ തിരിച്ചുവരികയാണ്. കോവിഡ് ഭീഷണിയെ രാജ്യം ശക്തമായാണ് നേരിടുന്നത്. ജനങ്ങളാണ് കോവിഡ് പോരാട്ടം നയിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ഥമായ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. സന്നദ്ധ സേനകള്‍ വഹിച്ച പങ്കും വലുതാണ്. കോവിഡിനെതിരായ പോരാട്ടം ശ്രമകരവും ഏറെക്കാലം നീണ്ടുനില്‍ക്കുന്നതുമാണ്. പ്രതിരോധത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യം തുറക്കുമ്പോള്‍ ജാഗ്രതയോടെയും കരുതലോടെയും മുന്നോട്ടു പോകണമെന്ന് പ്രധാന മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ നാളെ ആരംഭിക്കാനിരിക്കെയാണ് പ്രധാന മന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തത്. രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു ശേഷമുള്ള അഭിസംബോധന എന്ന പ്രത്യേകതയും ഇന്നത്തെ മന്‍ കി ബാത്തിനുണ്ട്.

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ജനസംഖ്യ കൂടുതലായിട്ടും കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്കു സാധിച്ചുവെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. ആഗോള തലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായില്ല. സാധാരണക്കാര്‍ ഇക്കാലയളവില്‍ ഓട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

പ്രതിസന്ധി എല്ലാവരെയും ബാധിച്ചിട്ടുണ്ട്. തൊഴിലാളികളും പാവപ്പെട്ടവരും കൂടുതല്‍ ദുരിതത്തിലായി. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആയുഷ്മാന്‍ ഭാരത് വിപ്ലവകരമായ പദ്ധതിയാണ്. ഒരുകോടി ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞു. ആയുര്‍വേദ ചികിത്സയിലും യോഗയിലും മറ്റു രാജ്യങ്ങള്‍ക്കും താത്പര്യമുണ്ട്. ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണം ലോകം ഉറ്റുനോക്കുകയാണ്.
രാജ്യം കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പമാണ്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തും. വിദേശത്തു നിന്നുള്ള ഇറക്കുമതികള്‍ കുറച്ച് രാജ്യത്തിനകത്ത് ആഗോള ബ്രാന്‍ഡുകള്‍ വികസിപ്പിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു. ഇതിനായി തൊഴിലാളികളുടെ ശക്തി പ്രയോജനപ്പെടുത്തും.

കോവിഡിന് പിന്നാലെയെത്തിയ ഉം പന്‍ ചുഴലിക്കാറ്റ് രാജ്യത്തിന് തിരിച്ചടിയായി. ബംഗാളും ഒഡീഷയും വന്‍ ദുരന്തത്തെയാണ് നേരിട്ടത്. രാജ്യം ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കുമൊപ്പമുണ്ട്. വെട്ടുകിളി ആക്രമണം നേരിടാന്‍ രാജ്യം സജ്ജമാണെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആദ്യ അണ്‍ലോക്ക് ഘട്ടത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments