NEWS UPDATE

6/recent/ticker-posts

രാജ്യത്ത് ട്രെയിൻ സർവീസ് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും; 11 മുതൽ ബുക്കിങ്

ന്യൂഡൽഹി: രാജ്യത്തെ ‍ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ 15 സ്പെഷൻ ട്രെയിനുകൾ ഓടിക്കുമെന്നു റെയിൽവേ അറിയിച്ചു. ഈ സർവീസുകൾക്കുള്ള ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് 4 മുതൽ ആരംഭിക്കുമെന്ന് ഐആർടിസി വ്യക്തമാക്കി. ഓൺലൈൻ വഴി മാത്രമാകും ബുക്കിങ്.[www.malabarflash.com]

ലോക്ഡൗണിനെ തുടർന്നു മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. 15 ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ ഓടിക്കുന്നത് (ആകെ 30 സർവീസുകൾ). ന്യൂഡൽഹിയിൽ നിന്നു അസം, ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ജാർഖണ്ഡ്, കർണാടക, കേരളം(തിരുവനന്തപുരം), മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്കായിരിക്കും ട്രെയിൻ.

ട്രെയിനുകളുടെ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും. ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ ‍ഡൽഹിയിലെ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളുവെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർ എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ട്രെയിൻ പുറപ്പെടുന്നതിനു മുൻപു പരിശോധന നടത്തും. കോവിഡ് രോഗലക്ഷണമുള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല.

കോച്ചുകളുടെ ലഭ്യത അനുസരിച്ച് കൂടുതൽ സ്പെഷൻ ട്രെയിനുകൾ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. മാർച്ചിൽ 20,000ത്തിലധികം കോച്ചുകൾ കോവിഡ് ഐസലേഷൻ വാർഡുകളാക്കി മാറ്റിയിരുന്നു. ആയിരക്കണക്കിന് കോച്ചുകൾ അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള ശ്രമിക് ട്രെയിനുകളിലും ഉപയോഗിച്ചു.

Post a Comment

0 Comments